
തൃശൂർ: റബർതോട്ടത്തിന് സമീപം തങ്ങുന്ന ആനക്കൂട്ടത്തെ തുരത്താൻ പ്രത്യേക പരിശീലനം ലഭിച്ച താപ്പാനകളെ വയനാട്ടിൽ നിന്നും ഉടനെ പാലപ്പിള്ളിയിൽ എത്തിക്കുമെന്ന് പാലപ്പിള്ളി ഫോറസ്റ്റ് റേഞ്ച് ഓഫിസർ പ്രേം ഷമീർ. താപ്പാനകളെത്തിയാൽ ആനശല്യം കുറയുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം അറിയിച്ചു.
അതേസമയം മലയോര കർഷക സമിതിയുടെയും നാട്ടുകാരുടെയും സഹകരണത്തോടെ വനപാലകർ ആനകളെ ഉൾക്കാട്ടിലേക്ക് കയറ്റിവിടാൻ നടത്തിയ ശ്രമം ഫലം കണ്ടെന്നും വനം വകുപ്പ് അധികൃതർ അവകാശപ്പെട്ടു. പാലപ്പിള്ളി, വെള്ളിക്കുളങ്ങര റേഞ്ചിലെ വനപാലകരാണ് നാട്ടുകാരുടെയും മലയോര കർഷക സമിതി പ്രവർത്തകരുടെയും നേതൃത്വത്തിൽ അനകളെ കാടു കയറ്റാൻ ശ്രമിച്ചത്. തിങ്കളാഴ്ചത്തെ ശ്രമം വിജയിച്ചിരുന്നില്ല. തേക്ക് തോട്ടത്തിലൂടെ നടാംപാടം വരെ പോയ ആനകൾ കുട്ടൻച്ചിറയിൽ തന്നെ തിരിച്ചെത്തി. എന്നാൽ തിങ്കളാഴ്ച രാത്രി ആനകൾ സ്വയം കാടു കയറിയെന്നാണ് വനപാലകരുടെയും നാട്ടുകാരുടെയും വിശ്വാസം. തിങ്കളാഴ്ച രാത്രിയിലും, ഇന്നലെയും നടത്തിയ തെരച്ചിലിൽ ആനകളെ കണ്ടെത്താനായില്ല. ഇതോടെയാണ് ഭയന്ന ആനകൾ കാടുകയറിയെന്ന നിഗമനത്തിലെത്തിയത്. അതേസമയം ഇന്നലെ വൈകിട്ട് പാലപ്പിള്ളിയിൽ കൊച്ചിൻ മലബാർ കമ്പനിയുടെ റബർ തോട്ടത്തിൽ ഇന്നലെ വൈകിട്ട് മറ്റൊരു ആറംഗ ആനക്കൂട്ടത്തെ കണ്ടതായി നാട്ടുകാർ അറിയിച്ചു.