തിരുവനന്തപുരം: മുഖ്യമന്ത്രിക്കുനേരെ വിമാനത്തിലുണ്ടായ സംഭവത്തിനു പിന്നിലെ ബുദ്ധികേന്ദ്രം ശബരിനാഥനാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ച കസ്റ്റഡി അപേക്ഷയിൽ വ്യക്തമാക്കി. വാട്സ് ആപ്പ് സന്ദേശം അയച്ചശേഷം ശബരി ഒന്നാം പ്രതിയെ ഫോണിൽ വിളിച്ചുവെന്നും അതിനാൽ ശബരിയുടെ ഫോൺ പിടിച്ചെടുക്കണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു. മൂന്ന് ദിവസത്തെ കസ്റ്റഡിയാണ് പൊലീസ് ആവശ്യപ്പെട്ടത്. മൊബൈലിലാണ് വാട്സ് ആപ്പ് സന്ദേശങ്ങൾ ഉണ്ടാക്കിയതും പ്രചരിപ്പിച്ചതും. പ്രതിയെ നേരിട്ടു കൊണ്ടുപോയി ഈ ഫോൺ കണ്ടെടുത്താൽ മാത്രമെ കേസ് നിലനിൽക്കുയുള്ളൂ എന്നും പ്രോസിക്യൂഷൻ വാദിച്ചു. കേസിലെ ഒന്നാം പ്രതിയുടെ മൊബൈൽ നമ്പറിൽ നിന്ന് ശബരിയുടെ മൊബൈലിലേക്ക് സംഭവദിവസം ഉച്ചയ്‌ക്ക് 12.47ന് നാല് തവണയും മൂന്നാം പ്രതിയുടെ മൊബൈലിലേക്ക് ഉച്ചയ്‌ക്ക് 3.08നും ശബരി ഒരു തവണയും വിളിച്ചിട്ടുള്ളതായി പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

എന്നാൽ, ഫോൺ കൈവശമുണ്ടെന്നും അന്വേഷണ ഉദ്യാഗസ്ഥൻ ഒരുഘട്ടത്തിലും ഫോൺ ആവശ്യപ്പെട്ടില്ലെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. കോടതി അനുമതി നൽകിയാൽ ഫോൺ ഹാജരാക്കാമെന്നും പ്രതിഭാഗം അഭിഭാഷകൻ വ്യക്തമാക്കി. തുടർന്ന് ഏത് രേഖ കണ്ടെടുക്കാനാണ് ഫോൺ ആവശ്യപ്പെടുന്നതെന്ന് പ്രോസിക്യൂഷനോട് കോടതി ചോദിച്ചു. വാട്സ് ആപ്പ് രേഖകൾ കണ്ടെടുക്കാനാണ് എന്നായിരുന്നു പ്രോസിക്യൂഷന്റെ മറുപടി. വാട്സ് ആപ്പ് രേഖകൾ പ്രതി ജാമ്യരേഖകൾക്കൊപ്പം ഹാജരാക്കിയതല്ലേയെന്നും പിന്നെന്തിനാണ് പ്രതിയെ അറസ്റ്റ് ചെയ്തതെന്നും കോടതി ചോദിച്ചു. പ്രതി നിയമം അനുസരിക്കുന്ന ആളായതുകൊണ്ടാണ് നേരിട്ട് ഹാജരായതെന്നും പ്രതിഭാഗം വാദിച്ചു. പ്രതി മുൻ എം.എൽ.എ ആയതിനാൽ നിയമത്തെ അനുസരിക്കാതിരിക്കുകയോ ഒളിച്ചോടുകയോ ചെയ്യുകയില്ല. കോടതിയുടെ ഏത് ജാമ്യവ്യവസ്ഥയും അംഗീകരിക്കാൻ തയ്യാറാണെന്നും പ്രതിഭാഗം കോടതിയെ അറിയിച്ചു. വധശ്രമ കേസിൽ നാലാംപ്രതിയായ കെ.എസ്. ശബരിനാഥൻ കുറ്റം സമ്മതിച്ചെന്ന് കോടതിയിൽ നൽകിയ കസ്‌റ്റഡി അപേക്ഷയിൽ ശംഖുംമുഖം അസിസ്റ്റന്റ് കമ്മിഷണർ പൃഥ്വിരാജ് വ്യക്തമാക്കി. കുറ്റം സമ്മതിച്ച കാര്യം ശബരിക്കൊപ്പമുണ്ടായിരുന്ന സുഹൃത്തും യൂത്ത് കോൺഗ്രസ് നേതാവുമായ സുധീർഷായെ അറിയിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

പൊലീസിന്റെ തന്ത്രം പാളി

അറസ്‌റ്റ് വിവരം പുറത്തുവന്നതോടെ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ കോൺഗ്രസ് - യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധവുമായി ശംഖുംമുഖം എ.സി.പി ഓഫീസിലേക്കെത്തിയിരുന്നു. പ്രവർത്തകർ സ്റ്റേഷനു മുന്നിൽ തടിച്ചുകൂടി മുദ്രാവാക്യം മുഴക്കി, പൊലീസുമായും ഉന്തുംതള്ളുമായി. ഈ സമയം കോൺഗ്രസ് നേതാക്കളായ എം.വിൻസന്റ് എം.എൽ.എ, വി.എസ്. ശിവകുമാർ, പാലോട് രവി തുടങ്ങിയവർ സ്റ്റേഷനിലെത്തി പ്രവർത്തകരെ അനുനയിപ്പിച്ചു. ശബരിയെ കോടതിയിൽ ഹാജരാക്കുന്നത് വൈകിപ്പിക്കാനുള്ള പൊലീസിന്റെ തന്ത്രവും ഇതോടെ പാളി.