
കൊല്ലം: ആയൂർ മാർത്തോമ കോളേജിൽ നീറ്റ് പരീക്ഷയെഴുതാനെത്തിയ വിദ്യാർത്ഥിനികളുടെ അടിവസ്ത്രം അഴിച്ചുവയ്പ്പിച്ച സംഭവത്തിൽ അറസ്റ്റിലായ വനിതാ ജീവനക്കാരുടെ ജാമ്യാപേക്ഷ തള്ളി. ഭരണഘടനയുടെ ആർട്ടിക്കിൾ 21ന്റെ ലംഘനമാണ് നടന്നതെന്ന് ചൂണ്ടിക്കാട്ടി കൊല്ലം കടയ്ക്കൽ മജിസ്‌ട്രേറ്റ് കോടതിയാണ് ഹർജി തള്ളിയത്.
കേസിൽ കോളേജ് ജീവനക്കാരും ആയൂർ സ്വദേശികളുമായ എസ്. മറിയാമ്മ, കെ. മറിയാമ്മ, സ്റ്റാർ സെക്യൂരിറ്റി ജീവനക്കാരായ മഞ്ഞപ്പാറ സ്വദേശികളായ ഗീതു, ജോത്സന ജോബി, ബീന എന്നിവരാണ് അറസ്റ്റിലായത്. ഇവരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. സ്ത്രീത്വത്തെ അപമാനിക്കൽ (ഐ.പി.സി - 354), മാനഹാനി വരുത്തൽ (ഐ.പി.സി- 509) വകുപ്പുകൾ പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തത്. കൂടുതൽ പേരെ പിടികൂടാനുണ്ടെന്നും, അതുവരെ ജാമ്യം നൽകരുതെന്നുമായിരുന്നു പ്രോസിക്യൂഷൻ വാദം.
അതേസമയം, സംഭവത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ ദേശീയ ടെസ്റ്റിംഗ് ഏജൻസിയോട് (എൻ.ടി.എ) റിപ്പോർട്ട് തേടിയിട്ടുണ്ട്. പരാതി കിട്ടിയിട്ടില്ലെന്നായിരുന്നു എൻ.ടി.എ ആദ്യം പ്രതികരിച്ചത്. പിന്നീട് നിജസ്ഥിതി കണ്ടെത്താൻ കമ്മിറ്റി രൂപീകരിച്ചു. കമ്മിറ്റി കൊല്ലത്തെത്തി തെളിവെടുപ്പ് നടത്തും. വിദ്യാർത്ഥിനികളുടെ മൊഴിയും രേഖപ്പെടുത്തും.