indigo

കോഴിക്കോട്: വാഹന നികുതി അടക്കാത്തതിന് ഇൻഡിഗോ എയർലൈൻസിന്റെ ബസ് കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ പരിശോധന വ്യാപകമാക്കാൻ മോട്ടോർ വാഹനവകുപ്പ്. നികുതി അടക്കാതെ ഇൻഡിഗോയുടെ എത്ര വാഹനങ്ങൾ ഓടുന്നുണ്ടെന്ന് പരിശോധിക്കും.


വിമാനത്താവളത്തിനകത്ത് ഓടുന്ന വണ്ടികൾക്ക് രജിസ്‌ട്രേഷൻ ആവശ്യമില്ല. ഇൻഡിഗോയുടെ വാഹനം നേരത്തെ രജിസ്ട്രർ ചെയ്തിട്ടുണ്ട്. എന്നാൽ നികുതി അടച്ചിട്ടില്ല. സമാനരീതിയിൽ മറ്റ് വിമാനക്കമ്പനികളുടെ വാഹനങ്ങൾ ഓടുന്നുണ്ടോയെന്ന് പരിശോധിക്കും.

ഇന്നലെ വൈകിട്ട് ഫറോക്ക് ചുങ്കത്തെ വർക്ക് ഷോപ്പിൽ നിന്നാണ് ഇൻഡിഗോയുടെ ബസ് കസ്റ്റഡിയിലെടുത്തത്. ആറു മാസത്തെ നികുതി കുടിശ്ശിക വരുത്തിയതിനാണ് മോട്ടോർ വാഹന വകുപ്പിന്റെ അതിവേഗ നടപടി. നികുതിയും പിഴയുമായി ഏകദേശം 50,000 രൂപ അടച്ചശേഷമേ ബസ് വിട്ടുനൽകൂവെന്ന് ആർ.ടി.ഒ അറിയിച്ചു. ഫറോക്ക് ജോയിന്റ് ആർ.ടി.ഒ ഷാജു ബക്കറിന്റെ നിർദ്ദേശ പ്രകാരം അസി.മോട്ടോർ വെഹിക്കൾ ഇൻസ്‌പെക്ടർമാരായ ഡി. ശരത്, ജി.ജി. അലോഷ്യസ് എന്നിവരാണ് വാഹനം പിടികൂടിയത്.

വിമാനയാത്രാവിലക്കിൽ പ്രതിഷേധിച്ച് ഇൻ‌ിഗോയ്ക്കെതിരെ എൽ ഡി എഫ് കൺവീനർ ഇ പി ജയരാജൻ പ്രതികരിച്ചതിനു പിന്നാലെയാണ് ബസ് കസ്റ്റഡിയിലെടുത്തത്. സംഭവത്തെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്നും മോട്ടോർ വാഹന വകുപ്പ് സാധാരണ സ്വീകരിച്ചുവരുന്ന നടപടി മാത്രമാണെന്നും ഫറോക്ക് ജോയിന്റ് ആർ.ടി.ഒ ഷാജു ബക്കർ പറഞ്ഞു. ഇത്രയും നാൾ എയർപോർട്ടിനകത്ത് സർവീസ് നടത്തുകയായിരുന്ന ബസ് ഇന്നലെ വർക്ക് ഷോപ്പിലെത്തിച്ചപ്പോഴാണ് പിടികൂടാൻ കഴിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.