theft-case-

അമ്പലപ്പുഴ : മോഷ്ടാവ് കമ്മൽ പറിച്ചെടുക്കുന്നതിനിടെ വൃദ്ധയുടെ ചെവിയറ്റു. അമ്പലപ്പുഴ കോമന കണ്ണൻ നിവാസിൽ ഗൗരി (84)യുടെ കമ്മലാണ് കവർന്നത്. ചെവി മുറിഞ്ഞ ഗൗരിയെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് മൂന്നരയോടെയാണ് സംഭവം. ഗൗരി വാതിലടച്ച് വീടിനുള്ളിൽ ഉറങ്ങിക്കിടക്കുമ്പോൾ എത്തിയ മോഷ്ടാവ്, വാതിൽ തകർത്ത് അകത്തു കടന്ന് ഗൗരിയുടെ ഒരു ചെവിയിൽ നിന്ന് കമ്മൽ അഴിച്ചെടുത്ത ശേഷം അടുത്ത ചെവിയിലെ കമ്മൽ ഊരാൻ ശ്രമിച്ചു. ഇതിനിടെ ഗൗരി ഉണർന്നതോടെ ചെവിയിൽ നിന്ന് കമ്മൽ പറിച്ചെടുത്ത് പുറത്തേക്ക് ഓടി.

ഗൗരി ബഹളം വച്ച് പിന്നാലെ എത്തിയപ്പോൾ മോഷ്ടാവ് മതിൽ ചാടി രക്ഷപ്പെടുന്നതാണ് കണ്ടത്. അരപ്പവന്റേതാണ് കമ്മലുകൾ. അവശയായി രക്തമൊലിപ്പിച്ച് തൊട്ടടുത്ത വീട്ടിലെത്തി ഗൗരി വെള്ളം ചോദിപ്പോഴാണ് അയൽക്കാർ സംഭവം അറിഞ്ഞത്. ഇവരാണ് ആശുപത്രിയിലെത്തിച്ചത്. മകൻ കൃഷ്ണൻകുട്ടിക്കൊപ്പമാണ് ഗൗരി ഈ വീട്ടിൽ താമസം. സംഭവസമയം കൃഷ്ണൻകുട്ടി കൂലിപ്പണിക്ക് പോയിരിക്കുകയായിരുന്നു .സമീപത്തെ സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ച് അമ്പലപ്പുഴ പൊലീസ് അന്വേഷണം ആരംഭിച്ചു.