
മലപ്പുറം: എൻഫോഴ്സ്‌മെന്റ് ആർ.ടി.ഒ നടത്തിയ വാഹന പരിശോധനയിൽ മോഷണം പോയ ആക്സസ് സ്‌കൂട്ടർ പിടികൂടി. എറണാകുളം കോതമംഗലം സ്വദേശി സുധീറിന്റെ മോഷണം പോയ സ്‌കൂട്ടറാണ് കോഴിക്കോട് അത്തോളി സ്വദേശിയിൽ നിന്നും ഇന്നലെ പിടിച്ചത്. ഇയാളെ മലപ്പുറം പൊലീസ് സ്റ്റേഷനിൽ ഹാജരാക്കി. മലപ്പുറത്ത് ഡി.ടി.എച്ച് സർവീസ് നടത്തുന്നയാളാണ് ഇദ്ദേഹം. ഹെൽമറ്റില്ലാതെ സ്‌കൂട്ടറിൽ വരികയായിരുന്ന ഇയാളെ എൻഫോഴ്സ്‌മെന്റ് ഉദ്യോഗസ്ഥർ കൈ കാണിച്ചു നിറുത്തുകയും പിഴ അടക്കാൻ ആവശ്യപ്പെടുകയുമായിരുന്നു. ഇ പോസ് മെഷീൻ ഉപയോഗിച്ച് ഉദ്യോഗസ്ഥർ പണം കൈപറ്റി പിഴയൊടുക്കകയും ചെയ്തു.
പിഴ അടച്ചതോടെ ആർസി ഉടമ സുധീറിന്റെ ഫോണിലേക്ക് പിഴ അടച്ചെന്ന സന്ദേശം വന്നു. സുധീർ മലപ്പുറം എൻഫോഴ്സ്‌മെന്റിലേക്ക് വിളിച്ചു കാര്യം തിരക്കിയപ്പോഴാണ് ബൈക്ക് മോഷ്ടിച്ചതാണെന്ന് മനസിലായത്. വാഹനം ഓടിച്ചിരുന്നയാൾ രണ്ട് മാസം മുമ്പ് കോഴിക്കോട് സ്വദേശിയായ അജ്മലിൽ നിന്നും പതിനായിരം രൂപയ്ക്ക് വാങ്ങിച്ചതാണ് സ്‌കൂട്ടറെന്ന് മൊഴി നൽകി. സുധീർ വാഹനം മോഷണം പോയതിനെ തുടർന്ന് ജനുവരിയിൽ കോതമംഗലം പൊലീസിൽ പരാതിയും നൽകിയിരുന്നു. കോഴിക്കോട് പൊലീസിൽ വിവരമറിയിക്കുകയും അജ്മലിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുമെന്നും ഉദ്യോഗസ്ഥർ പറഞ്ഞു. ഡിവൈ.എസ്.പിയുടെ നേതൃത്വത്തിൽ എസ്.ഐ മുരളീധരൻ, അബ്ദുൾ ബഷീർ, സി.പി.ഒ മിർഷാദ് എന്നിവരാണ് സ്‌കൂട്ടർ പിടികൂടിയത്.