lal

കൊച്ചി: ഓൺലൈൻ റമ്മി പരസ്യത്തിൽ അഭിനയിച്ചത് സാമ്പത്തിക പ്രശ്നങ്ങളെ തുടർന്നെന്ന് നടൻ ലാൽ. കൊവിഡ് സമയത്ത് സാമ്പത്തിക പ്രശ്നം വന്നപ്പോൾ അഭിനയിച്ചതാണെന്നും ഇനി ഇത്തരം പരസ്യങ്ങളിൽ അഭിനയിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഒരു സ്വകാര്യ ചാനലിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

'കൊവിഡ് സമയത്ത് ഒരുപാട് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നു. ആ സമയത്ത് വന്ന പരസ്യമായിരുന്നു. തിരിച്ചും മറിച്ചും കുറേ ആലോചിച്ചു. സർക്കാർ അനുമതിയോടെ ചെയ്യുന്നതാണെന്ന് കേട്ടപ്പോൾ അഭിനയിച്ചതാണ്. പക്ഷെ അത് ഇത്രയും വലിയ പ്രശ്നങ്ങളുണ്ടാകുമെന്നോ ആത്മഹത്യയുണ്ടാക്കുമെന്നോ കരുതിയില്ല. ഇനി ഇത്തരം പരസ്യങ്ങളിൽ തലവയ്ക്കില്ല. റമ്മിയുടെ പരസ്യത്തിൽ അഭിനയിച്ചതിൽ സങ്കടമുണ്ട്.'- ലാൽ പറഞ്ഞു.

കഴിഞ്ഞദിവസം നിയമസഭയിൽ കെബി ​ഗണേഷ് കുമാർ എംഎൽഎ ഓൺലൈൻ റമ്മി പരസ്യത്തിൽ അഭിനയിക്കുന്നതിൽ നിന്ന് സിനിമാതാരങ്ങളെ പിന്തിരിപ്പിക്കാൻ സർക്കാർ മുന്നിട്ടിറങ്ങണമെന്ന് പറ‍ഞ്ഞിരുന്നു. ഇത്തരം സാമൂഹ്യദ്രോഹ, സാമൂഹ്യവിരുദ്ധ പരസ്യങ്ങളിൽ നമ്മുടെ ആദരണീയരായ കലാകാരന്മാരും കലാകാരികളും പങ്കെടുക്കുന്നുണ്ട് എന്നത് ലജ്ജാവഹമായ കാര്യമാണെന്നും ​ഗണേഷ് കുമാർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ലാലിന്റെ പ്രതികരണം.