yogi-adityanath-

ലക്നൗ : രണ്ടാം യോഗി സർക്കാരിന്റെ പ്രവർത്തനങ്ങളിൽ തുടക്കത്തിലേ കല്ലുകടി. യോഗി സർക്കാരിലെ രണ്ട് മന്ത്രിമാരായ ദിനേശ് ഖാതിക്, ജിതിൻ പ്രസാദ എന്നിവരാണ് അമിത ഇടപെടലിൽ അസ്വസ്ഥരെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിൽ ജലശക്തി വകുപ്പ് സഹമന്ത്രി ദനേഷ് ഖാതിക് യോഗി സർക്കാരിൽ നിന്ന് രാജിവെക്കുന്ന കാര്യം പരിഗണിക്കുന്നതായിട്ടാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. എന്നാൽ യോഗി ആദിത്യനാഥ് മന്ത്രിസഭ ഇത്തരം ഊഹാപോഹങ്ങൾ നിഷേധിച്ചു.

തന്റെ വകുപ്പിലെ സ്ഥലംമാറ്റങ്ങളിലും ഹസ്തിനപുരിലെ തന്റെ അനുയായികൾക്കെതിരെ കേസെടുത്തതും ദനേഷ് ഖാതികിന് ക്ഷീണമായി. മന്ത്രി ഔദ്യോഗിക വസതിയും വാഹനവും ഒഴിഞ്ഞ് ഖതിക് ഹസ്തിനപുരിലെ തന്റെ സ്വകാര്യ വസതിയലേക്ക് മാറിയെന്നും റിപ്പോർട്ടുണ്ട്. അതേസമയം തന്റെ ഓഫീസിൽ നടന്ന ചില സ്ഥലം മാറ്റങ്ങളാണ് പി ഡബ്ല്യു ഡി മന്ത്രി ജിതിൻ പ്രസാദയെ പ്രകോപിപ്പിച്ചത്. ഈ വിഷയത്തിൽ അസ്വസ്ഥനായ ജിതിൻ പ്രസാദ ഇന്ന് ഡൽഹിയിലെത്തി ആഭ്യന്തരമന്ത്രി അമിത് ഷായെ കണ്ടേക്കുമെന്നും സൂചനയുണ്ട്. ചൊവ്വാഴ്ച രാത്രി വൈകും വരെ രണ്ട് മന്ത്രിമാരുടെയും ഫോണുകൾ സ്വിച്ച് ഓഫ് ആയിരുന്നു. എന്നാൽ ജിതിൻ പ്രസാദ ചൊവ്വാഴ്ച നടന്ന മന്ത്രിസഭാ യോഗത്തിൽ പങ്കെടുത്തിരുന്നു, എന്നാൽ മാദ്ധ്യമങ്ങൾക്ക് മുന്നിൽ എത്തിയിരുന്നില്ല.