
ഹൈക്കോടതിയെ പോലും വിസ്‌മയിപ്പിച്ച പാലക്കാട്- ഒറ്റപ്പാലം റോഡ് എന്തുകൊണ്ട് തകരുന്നില്ല? അതുംകൂടി തകരാനുള്ള ആഗ്രഹം കൊണ്ടാണോ ചോദിക്കുന്നതെന്ന് കരുതരുത്. കേരളത്തിലെ മറ്റുള്ള റോഡുകൾക്ക് എന്തുകൊണ്ട് ഈ ഗുണനിലവാരം ഉറപ്പാക്കാൻ കഴിയുന്നില്ല എന്നതാണ് ചോദ്യത്തിന്റെ കാതൽ. രണ്ടു പതിറ്റാണ്ട് പൂർത്തിയാക്കുന്ന പാലക്കാട്- ഒറ്റപ്പാലം റോഡിൽ ചെറിയൊരു കുഴിപോലും സൃഷ്‌ടിക്കാൻ ഇതിനിടയിൽ വന്ന ഒരു പേമാരിക്കും കഴിഞ്ഞിട്ടില്ല. എന്താണ് അതിന് പിന്നിലെ രഹസ്യം എന്നു നോക്കാം.
നമ്പർ വൺ ക്വാളിറ്റി ചെക്കിംഗ്
നിർമ്മാണത്തിലെ ഗുണനിലവാരം തന്നെയാണ് പ്രധാന കാര്യം. നാല് ലെയറുകളായാണ് റോഡ് നിർമ്മിക്കപ്പെട്ടിരിക്കുന്നത്. മറ്റുള്ള റോഡിലെല്ലാം നിലവിലെ പൊട്ടിപ്പൊളിഞ്ഞ ടാറിന്റെ മുകളിൽ റീ ടാർ ചെയ്യുമ്പോൾ, പാലക്കാട്- ഒറ്റപ്പാലം റോഡിന്റെ നിർമ്മാണ ചുമതലയുണ്ടായിരുന്ന മലേഷ്യൻ കമ്പനി നിലവിലുണ്ടായിരുന്ന റോഡിലെ ടാർ മുഴുവൻ കുത്തിപ്പൊളിച്ചു. തുടർന്ന് നാലടിയോളം ആഴത്തിൽ കുഴിച്ചു. അതിൽ മണ്ണും കല്ലുമിട്ട് കോൺക്രീറ്റ് ചെയ‌്തു. പിന്നീട് ജാമറുകൾ ഉപയോഗിച്ച് ഇടിച്ച് ഉറപ്പാക്കി. അതുകഴിഞ്ഞ് കോൺക്രീറ്റിന്റെ ഒരുഭാഗം ഗുണനിലവാര പരിശോധനയ‌്ക്കായി കട്ട് ചെയ്‌തെടുക്കും. ക്വാളിറ്റി ചെക്കിംഗിനുള്ള എല്ലാ സംവിധാനങ്ങളും മലേഷ്യൻ കമ്പനിക്കുണ്ട്. വലിയ മുട്ടികൾ വച്ചിടിച്ച് കോൺക്രീറ്റ് കഷ്‌ണം പൊടിയുന്നുണ്ടോയെന്ന് കൃത്യമായി ചെക്ക് ചെയ്യും. റോഡ് പണി പൂർത്തിയായിക്കഴിഞ്ഞാൽ 45 വർഷത്തെ മെയിന്റനൻസ് ഗ്യാരന്റിയാണ് കമ്പനി നൽകുക.
ഇടനിലക്കാരുടെ അഴിമതിക്ക് മഴയെ പഴിക്കല്ലേ
കേരളത്തിലെ റോഡിന്റെ പരിതാപകരമായ അവസ്ഥയ‌്‌ക്ക് മന്ത്രി പറഞ്ഞതുപോലെ മഴയൊന്നുമല്ല കാരണഭൂതൻ. ഗുണനിലവാരം കുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ച്, കൃത്യമായ പരിശോധന നടത്താതെ റോഡ് പണിയുന്ന കോൺട്രാക്‌ടർമാരും, ഇടനിലക്കാരും, അവർക്ക് കുടപിടിക്കുന്ന ഉദ്യോഗസ്ഥ-രാഷ്‌ട്രീയ ദ്വന്ദങ്ങളും മാത്രമാണ് കാരണഭൂതർ. കരിമ്പട്ടികയിൽ പെടുത്തിയിട്ടുള്ള കമ്പനികൾക്കടക്കമാണ് കേരളത്തിന്റെ റോഡുകൾ ടാർ ചെയ്യാൻ കരാർ കൊടുക്കുന്നത്. കമ്മിഷൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ഇത്തരം ദേശദ്രോഹ പ്രവർത്തനങ്ങൾ എന്നവസാനിപ്പിക്കുന്നുവോ? അന്നുമാത്രമേ കേരളത്തിലെ ജനങ്ങൾക്ക് നല്ല റോഡ് എന്ന സ്വപ്‌നം അനുഭവിക്കാൻ കഴിയൂ.