uttar-pradesh

ലക്‌നൗ: ദളിത് വിദ്യാ‌‌ർത്ഥിനികളുടെ സ്‌കൂൾ യൂണിഫോം നിർബന്ധമായി അഴിപ്പിച്ച് ഉയർന്ന ജാതിക്കാരായ വിദ്യാർത്ഥിനികൾക്ക് നൽകിയ സംഭവത്തിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഉത്തർപ്രദേശ് സംസ്ഥാന വിദ്യാഭ്യാസവകുപ്പ്. ഇക്കഴിഞ്ഞ ജൂലായ് 11ന് ഉത്തർപ്രദേശിലെ ഹാപൂരിലാണ് സംഭവം നടന്നത്. ദേശീയ പട്ടികജാതി കമ്മീഷൻ സംഭവത്തിൽ നടപടി ആവശ്യപ്പെട്ടതിന് പിന്നാലെയാണ് വിദ്യാഭ്യാസവകുപ്പ് ഉത്തരവിട്ടത്.

ക്ളാസ് ഫോട്ടോ എടുക്കുന്നതിനായി നാലാം ക്ളാസ് വിദ്യാർത്ഥിനികളുടെ യൂണിഫോം നിർബന്ധമായി അഴിപ്പിക്കുകയായിരുന്നു. കുട്ടികൾ പ്രതിഷേധിച്ചതോടെ ക്ളാസിൽ നിന്ന് പുറത്താക്കുമെന്ന് അദ്ധ്യാപകർ ഭീഷണിപ്പെടുത്തിയതായും പരാതി ഉയരുന്നു. സംഭവത്തിന് പിന്നാലെ രണ്ട് അദ്ധ്യാപകരെ സസ്‌പെൻഡ് ചെയ്തിരുന്നു.

അതേസമയം, പരാതി ഉപേക്ഷിക്കാൻ തനിക്ക് സമ്മർദ്ദമുണ്ടെന്ന് പെൺകുട്ടികളിൽ ഒരാളുടെ പിതാവ് വെളിപ്പെടുത്തി. പരാതി നൽകിയിട്ടും അദ്ധ്യാപകർക്കെതിരെ എഫ് ഐ ആർ ചുമത്തിയിട്ടില്ല. സംഭവം പുറത്തറിയിക്കരുതെന്ന് ഗ്രാമീണർ സമ്മർദ്ദം ചെലുത്തുന്നു. ജില്ലാ മജിസ്ട്രേറ്റ് ഓഫീസിൽ പരാതി നൽകിയിട്ടുണ്ട്. പിതാവ് വ്യക്തമാക്കി.