suicide

ആലപ്പുഴ: പൊലീസ് ക്വാർട്ടേഴ്‌സിൽ രണ്ട് മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്യുന്നത് ഭർത്താവും പൊലീസുകാരനുമായ റെനീസ് തത്സമയം കണ്ടിരിക്കാമെന്ന് അന്വേഷണസംഘത്തിന്റെ നിഗമനം. ഭാര്യ അറിയാതെ റെനീസ് ക്വാര്‍ട്ടേഴ്സിനുള്ളില്‍ സ്ഥാപിച്ചിരുന്ന സി.സി.ടി.വി ക്യാമറ ഇയാളുടെ മൊബെെൽ ഫോണുമായി ബന്ധിപ്പിച്ചിരുന്നു. ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ പൊലീസ് ഫോറന്‍സിക് ലാബിന്റെ സഹായം തേടിയിരിക്കുകയാണ്.

കഴിഞ്ഞ മേയ് ഒൻപതിനാണ് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ പൊലീസ് ഔട്ട്‌പോസ്റ്റിൽ ജോലി ചെയ്യുന്ന വട്ടപ്പള്ളി സ്വദേശിയും സിവിൽ പൊലീസ് ഓഫീസറുമായ റെനീസിന്റെ ഭാര്യ നജ്‌ല(27), മകൻ എൽ.കെ.ജി വിദ്യാർത്ഥി ടിപ്പുസുൽത്താൻ (അഞ്ച്), മകൾ മലാല (ഒന്നേകാൽ വയസ്) എന്നിവരാണ് മരിച്ചത്. മലാലയെ വെള്ളത്തിൽ മുക്കിക്കൊല്ലുകയും, ടിപ്പു സുൽത്താനെ തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു. നജ്‌‌ലയെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.

മക്കളെ കൊന്ന് യുവതി ആത്മഹത്യ ചെയ്‌തതിന് പിന്നാലെ നിർണായക വെളിപ്പെടുത്തലുമായി ഇവരുടെ സഹോദരി രംഗത്തെത്തിയിരുന്നു. നജ്‌‌ലയുടെയും മക്കളുടെയും മരണത്തിനുത്തരവാദി റെനീസാണെന്ന് സഹോദരി നഫ്‌ല ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു. സഹോദരിയെ റെനീസ് മാനസികമായും ശാരീരികമായും പീഡിപ്പിച്ചിരുന്നു. ബന്ധുക്കളുമായി സംസാരിക്കാൻ റെനീസ് അവളെ അനുവദിച്ചിരുന്നില്ല. ഇയാൾക്ക് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടായിരുന്നു. വാട്സാപ്പ് ചാറ്റുകളുടെ പേരിൽ റെനീസും നജ്‌ലയും വഴക്കിട്ടിരുന്നുവെന്നും നഫ്‌ല വെളിപ്പെടുത്തി.

റെനീസും ഭാര്യയും തമ്മിൽ നിരന്തരം വഴക്കിടാറുണ്ടായിരുന്നെന്നും, ഇയാൾ ഭാര്യയെ ഉപദ്രവിച്ചിരുന്നതായും സഹപ്രവർത്തകരും പറഞ്ഞിട്ടുണ്ട്. അടുത്തിടെ റെനീസിന്റെ ബന്ധുക്കൾ ഇടപെട്ട് ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസിൽ വച്ച് പ്രശ്‌നം ഒത്തുതീർപ്പാക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിനുശേഷവും ഉപദ്രവം തുടർന്നതായി പറയപ്പെടുന്നു.

രാത്രി പത്ത് മണിക്ക് ശേഷമാണ് യുവതി ആത്മഹത്യ ചെയ്‌തത്. ഈ സമയം ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ പൊലീസ് ഔട്ട് പോസ്റ്റില്‍ നൈറ്റ് ഷിഫ്റ്റില്‍ ജോലിയിലായിരുന്നു റെനീസ്. കേസിന‍്റെ അന്വേഷണ വേളയിലാണ് നജ്‌ലയുടെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ റെനീസ് ക്വാര്‍ട്ടേഴ്സില്‍ രഹസ്യമായി സി.സി.ടി.വി ക്യാമറ സ്ഥാപിച്ചത് പൊലീസ് കണ്ടെത്തിയത്. ഫോറന്‍സിക് ഫലങ്ങള്‍ ലഭിച്ച ശേഷം ഈ മാസം അവസാനത്തോടെ കുറ്റപത്രം നല്കാനാണ് പൊലീസിന്റെ തീരുമാനം.