
അബുദാബി : കഞ്ചാവ് ചെടികൾ നട്ടുപിടിപ്പിച്ച സംഭവത്തിൽ രണ്ട് പേരെ അബുദാബി പൊലീസ് അറസ്റ്റ് ചെയ്തു. അബുദാബിയിലെ ഒരും ഫാമിലാണ് തൊഴിലാളികൾ പതിനാലോളം കഞ്ചാവ് ചെടികൾ നട്ടു പരിപാലിച്ചത്. ഫാം ഉടമ സ്ഥിരമായി സ്ഥലത്ത് എത്താതിരുന്നതാണ് തൊഴിലാളികൾക്ക് അനുഗ്രഹമായത്. തൊഴിലാളികൾക്കിടയിൽ മയക്കുമരുന്ന് പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കഞ്ചാവ് ചെടികൾ നട്ടുവളർത്തി എന്ന കുറ്റമാണ് ഇവർക്കെതിരെ ചാർത്തിയിരിക്കുന്നത്. കഞ്ചാവ് ചെടികൾ പിഴുതുമാറ്റി ഉടൻ നശിപ്പിക്കാൻ കോടതി ഉത്തരവിട്ടു.
നിരോധിത വസ്തുക്കൾ കൈവശം വയ്ക്കുക, കഞ്ചാവ് പോലുള്ള മയക്കുമരുന്ന് പദാർത്ഥങ്ങൾ വളർത്തുകയോ ചെയ്യുന്നത് പോലുള്ള നിയമലംഘനങ്ങൾ ഫാമുകളിൽ നടക്കുന്നുണ്ടോ എന്ന് പരിശോധിക്കാൻ ഉടമകളോട് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി തൊഴിൽ സ്ഥലങ്ങൾ ഇടയ്ക്ക് സന്ദർശിക്കണം. കഞ്ചാവ് ചെടികൾ കണ്ടെത്തിയാൽ അധികാരികളെ അറിയിക്കാനും ഫാം ഉടമകളോട് ആന്റി നാർക്കോട്ടിക് ഡയറക്ടറേറ്റ് ഡയറക്ടർ ബ്രിഗേഡിയർ ജനറൽ താഹെർ ഗരീബ് അൽ ദഹേരി ആവശ്യപ്പെട്ടു. പൊതുജനങ്ങളുടെ സഹായവും ഇതിനായി തേടിയിട്ടുണ്ട്.