adani

ഫോബ്സിന്റെ ലോകത്തിലെ ഏറ്റവും സമ്പന്നരുടെ പട്ടികയിൽ ഇന്ത്യൻ ശതകോടീശ്വരൻ ഗൗതം അദാനി നാലാം സ്ഥാനത്തെത്തി. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സിനെ മറികടന്നാണ് അദാനി നാലാം സ്ഥാനം കൈയടക്കിയത്. മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ് തന്റെ സമ്പാദ്യത്തിൽ നിന്നും 20 ബില്യൺ ഡോളർ ചാരിറ്റി പ്രവർത്തനങ്ങൾക്കായി മാറ്റുന്നതായി കഴിഞ്ഞയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതാണ് അദാനിയെ മുന്നേറാൻ സഹായിച്ചത്. ഇപ്പോൾ പട്ടികയിൽ അദാനിക്ക് പിന്നിലായി അഞ്ചാം സ്ഥാനത്താണ് ബിൽ ഗേറ്റ്സ്.

ഫോർബ്സ് റിപ്പോർട്ട് പ്രകാരം 114 ബില്യൺ ഡോളറിലധികമാണ് അദാനിയുടെ സമ്പത്ത്. ബിൽ ഗേറ്റ്സിന് നിലവിൽ 102 ബില്യൺ ഡോളറിന്റെ ആസ്തിയുണ്ട്. ബിൽ & മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനാണ് ബിൽ ഗേറ്റ്സ് 20 ബില്യൺ ഡോളർ സംഭാവന നൽകാൻ തീരുമാനിച്ചത്. 230 ബില്യൺ ഡോളർ ആസ്തിയുള്ള എലോൺ മസ്‌കാണ് ഫോർബ്സിന്റെ പട്ടികയിലെ ഏറ്റവും ധനികനായ വ്യക്തി. ലൂയി വിറ്റണിലെ ബെർണാഡ് അർനോൾട്ട് രണ്ടാം സ്ഥാനത്തും ആമസോണിന്റെ ജെഫ് ബെസോസ് പട്ടികയിൽ മൂന്നാം സ്ഥാനത്തും ഉണ്ട്.

ഇന്ത്യയുടെ റിലയൻസ് ഇൻഡസ്ട്രീസിന്റെ (ആർഐഎൽ) മുകേഷ് അംബാനി ഫോർബ്സ് റിയൽ ടൈം ശത കോടീശ്വരന്മാരുടെ പട്ടികയിൽ പത്താം സ്ഥാനത്താണ്. 88 ബില്യൺ ഡോളറിന്റെ ആസ്തിയാണ് ഫോർബ്സ് ഇദ്ദേഹത്തിന്റെതായി കാണിക്കുന്നത്. 2022 ഫെബ്രുവരിയിലാണ് ഏഷ്യയിലെ ഏറ്റവും സമ്പന്നനെന്ന സ്ഥാനം അംബാനിയെ മറികടന്നത്. 2021 ന്റെ തുടക്കം മുതലാണ് അദാനിയുടെ സമ്പത്തിൽ കുതിപ്പുണ്ടായത്.