
ന്യൂഡൽഹി : സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കലിൽ കേസിൽ നിർണായക നീക്കവുമായി ഇ ഡി. കേരളത്തിന് പുറത്തുള്ള കോടതിയിലേക്ക് കേസിന്റെ വിചാരണ മാറ്റാനാണ് അപേക്ഷ നൽകിയത്. ബംഗളൂരുവിലേക്ക് കേസ് മാറ്റുവാനാണ് ഇ ഡി ആഗ്രഹിക്കുന്നത്. ഇഡി കൊച്ചി സോൺ അസിസ്റ്റന്റ് ഡയറക്ടറാണ് ആവശ്യവുമായി സുപ്രീം കോടതിയെ സമീപിച്ചത്. കേരളത്തിൽ കേസിന്റെ വിചാരണ നടന്നാൽ സാക്ഷികളെ സ്വാധീനിച്ച് അട്ടിമറിയുണ്ടാകുമെന്ന ആശങ്കയാണ് ഇ ഡിയെ പുതിയ നീക്കത്തിന് പ്രേരിപ്പിച്ചത്. രാജ്യതലസ്ഥാനത്ത് ഇത് സംബന്ധിച്ച് നടന്ന ഉന്നത ഉദ്യോഗസ്ഥൻമാരുടെ മീറ്റിംഗിന് ശേഷമാണ് സുപ്രീം കോടതിയിൽ അപേക്ഷ നൽകാൻ തീരുമാനമായത്.
അടുത്തിടെ സ്വപ്നയുടെ അപ്രതീക്ഷിത വെളിപ്പെടുത്തലിന് പിന്നാലെയാണ് സ്വർണക്കടത്ത്, ഡോളർ കടത്ത് കേസുകളിൽ പുതിയ വേഗം കൈവന്നത്. ഇതിന് പിന്നാലെ സംസ്ഥാന സർക്കാർ സ്വപ്നയ്‌ക്കെതിരെയുള്ള കേസുകളിലും അന്വേഷണ വേഗം കൂട്ടിയിരുന്നു. എറണാകുളം ജില്ലാ സെഷൻസ് കോടതിയുടെ പരിഗണനയിലുള്ള കേസാണ് ബംഗളൂരുവിലേക്ക് മാറ്റാൻ ഇ ഡി ഇതിനിടെ ശ്രമിക്കുന്നത്. സ്വപ്ന സുരേഷ്, സന്ദീപ് നായർ, ശിവശങ്കർ, സരിത്ത് തുടങ്ങി നാല് പ്രതികളാണ് ഈ കേസിലുള്ളത്.