m-m-mani

തിരുവനന്തപുരം: കെ കെ രമയെ അധിക്ഷേപിച്ച സംഭവത്തിൽ എം എം മണിയെ വിമർശിച്ച് സ്പീക്കർ. ഇതോടെ,​ മണി പ്രസ്താവന പിൻവലിച്ച് രംഗത്തെത്തി.

എംഎം മണി പറഞ്ഞത് തെറ്റായ ആശയമാണ്. അത് പുരോഗമനപരമായ ആശയം അല്ല. സ്ത്രീകൾ, അംഗ പരിമിതർ, പാർശ്വവത്കരിക്കപ്പെട്ടവർ എന്നിവർക്ക് പരിഗണന അനിവാര്യമാണ്. നിറം, തൊഴില്‍, കുടുംബപശ്ചാത്തലം, ജാതി, മതം, ലിംഗപരമായ സവിശേഷതകള്‍ എന്നിവയെ മുന്‍നിര്‍ത്തിയുള്ള പരിഹാസ പരാമര്‍ശങ്ങള്‍, ആണത്തഘോഷണങ്ങള്‍ എന്നിവയെല്ലാം ആധുനിക ലോകത്ത് അപരിഷ്കൃതമായിട്ടാണ് കണക്കാക്കപ്പെടുന്നത്.

ഇക്കാര്യങ്ങളെല്ലാം മുമ്പില്ലാത്തവിധം സാമൂഹിക ഓ‍ഡിറ്റിംഗിന് വിധേയമാകുന്നുണ്ട്. നമ്മുടെ സഭയ്ക്ക് ഇക്കാര്യത്തില്‍ കാലത്തിന്റെ മാറ്റം ഉള്‍ക്കൊള്ളാനാവണം. ഇത് ജനപ്രതിനിധികൾക്ക് പലർക്കും മനസിലായിട്ടില്ല. അടിച്ചേല്പിക്കേണ്ട മാറ്റം അല്ല, സ്വയം തിരുത്താൻ തയ്യാറാവണം. ഒരു വാക്കിന് തന്നെ പല സാഹചര്യത്തില്‍ പല അര്‍ത്ഥങ്ങളാവും, എല്ലാ ആളുകള്‍ക്കും അത് ഉള്‍ക്കൊള്ളാനാകില്ലെന്നും സ്പീക്കര്‍ വ്യക്തമാക്കി.

ഇതോടെയാണ് മണി നിലപാട് പിൻവലിച്ചെത്തിയത്. അത് അവരുടേതായ വിധി എന്ന് പറഞ്ഞിരുന്നു, ഒരു കമ്യൂണിസ്റ്റുകാരനായ ഞാൻ അങ്ങനെ പറയരുതായിരുന്നു, ഈ പരാമർശം താൻ പിൻവലിക്കുകയാണ് എന്നായിരുന്നു എംഎം മണി പറഞ്ഞത്.

ഈ മാസം 14നായിരുന്നു നിയമസഭയിൽ കെ കെ രമയ്‌ക്കെതിരെ എം എം മണി അധിക്ഷേപരാമർശം നടത്തിയത്. സംഭവം വിവാദമായതിന് പിന്നാലെ മുഖ്യമന്ത്രിയും മണിയെ അനുകൂലിച്ച് രംഗത്തെത്തിയിരുന്നു.