
കൊല്ലം: സംസ്ഥാന സർക്കാരിന്റെ ഓണക്കിറ്റിലെ അണ്ടിപ്പരിപ്പിന്റെ ഓർഡർ പിടിക്കാൻ കാഷ്യു കോർപ്പറേഷനും കാപ്പെക്സും മുൻകൂട്ടി ഒരുക്കങ്ങൾ തുടങ്ങി. സപ്ലൈകോയുമായി ചർച്ചകൾക്കൊപ്പം ഉത്പാദനം വർദ്ധിപ്പിക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചു. കഴിഞ്ഞ തവണ പെട്ടെന്ന് കിറ്റിൽ അണ്ടിപ്പരിപ്പ് ഉൾപ്പെടുത്തിയതിനാൽ കാപ്പെക്സിനും കാഷ്യു കോർപ്പറേഷനും ഇതുമായി ബന്ധപ്പെട്ട് മുന്നൊരുക്കങ്ങൾ നടത്താനായില്ല. അതിനാൽ ഒരു പായ്ക്കറ്റ് അണ്ടിപ്പരിപ്പ് പോലും ഇരുസ്ഥാപനങ്ങൾക്കും നൽകാനായില്ല.
സ്വകാര്യ കമ്പനികളുടെ കൈവശവും സപ്ലൈകോ മുന്നോട്ടുവച്ച വില നിലവാര പ്രകാരമുള്ള കശുഅണ്ടി സ്റ്റോക്ക് ഉണ്ടായിരുന്നില്ല. അണ്ടിപ്പരിപ്പ് ആവശ്യത്തിന് ലഭ്യമാകാതിരുന്നത് ഓണക്കിറ്റ് പായ്ക്കിംഗിനെയും ബാധിച്ചിരുന്നു. ഈ സ്ഥിതി ഒഴിവാക്കാനാണ് രണ്ട് പൊതുമേഖലാ സ്ഥാപനങ്ങളും മുന്നൊരുക്കങ്ങൾ തുടങ്ങിയത്.
തയ്യാറെടുപ്പോടെ പൊതുമേഖലാ സ്ഥാപനങ്ങൾ
1. നിലവിൽ ഉൾപ്പെടുത്തേണ്ട അണ്ടിപ്പരിപ്പിന്റെ അളവ് നിശ്ചയിച്ചിട്ടില്ല
2. 50 ഗ്രാമിനാണ് സാദ്ധ്യത
3. കാഷ്യു കോർപ്പറേഷനും കാപ്പെക്സും 9000 ടൺ തോട്ടണ്ടി ഇറക്കുമതി ചെയ്തു
4. ഇതിന് പുറമേ നാടൻ തോട്ടണ്ടിയും സംഭരിക്കുന്നു
5. നാടൻ അണ്ടിപ്പരിപ്പ് ഓണക്കിറ്റിലേക്ക് പോകുന്നത് സാമ്പത്തികനേട്ടം
6. നൽകിയില്ലെങ്കിൽ സ്വകാര്യ ഏജൻസികളെ ആശ്രയിക്കും
റേഷൻ കാർഡ് ഉടമകൾ - 92.39 ലക്ഷം
ആകെ വേണ്ട അണ്ടിപ്പരിപ്പ് - 46 ലക്ഷം കിലോഗ്രാം