
ഓൺലൈനായി പണം കടം കൊടുക്കുന്ന ആപ്പുകളുടെ പ്രവർത്തനം വ്യാപിക്കുകയാണ്. നിരവധി പരാതികളാണ് ഇത്തരം പണമിടപാടിനെതിരെ ഉയരുന്നത്. പാൻ കാർഡ്, ആധാർ തുടങ്ങിയ നൽകിയാൽ പണം നൽകുന്ന ആപ്പുകൾ വരെ സജീവയാതോടെ വ്യാജ രേഖകൾ നൽകി വായ്പ നേടുന്നവരുടെ എണ്ണവും വർദ്ധിക്കുകയാണ്. നിയമവിരുദ്ധമായി മറ്റ് വ്യക്തികളുടെ പാൻ കാർഡുകളും രേഖകളും ഉപയോഗിച്ചാണ് വായ്പ എടുക്കുന്നത്.
പാൻ കാർഡ് ഉടമകൾ അറിയാതെ അവരുടെ രേഖകൾ ഉപയോഗിച്ച് അജ്ഞാതരായ വ്യക്തികൾക്ക് വായ്പ വിതരണം ചെയ്തതായി കണ്ടെത്തിയിട്ടുണ്ട്. അടുത്തിടെ ഇത്തരം ഒരു ആപ്പിനെതിരെ വ്യാപകമായ പരാതി സമൂഹമാദ്ധ്യമങ്ങളിൽ ഉയർന്നിരുന്നു. ബീഹാർ, ഉത്തർപ്രദേശ് എന്നിവിടങ്ങളിലാണ് മറ്റ് വ്യക്തികളുടെ വിവരങ്ങൾ നൽകി തട്ടിപ്പുകാർ ആപ്പിൽ നിന്ന് വായ്പ സംഘടിപ്പിച്ചത്. സ്വന്തം രേഖകൾ അല്ലാത്തതിനാൽ വായ്പയെടുക്കുന്ന വ്യക്തികൾ ഇഎംഐകൾ തിരിച്ചടയ്ക്കില്ല ഇതോടെ പാൻ കാർഡ് ഉടമകളുടെ ക്രഡിറ്റ് സ്‌കോറിനെ അത് ഗുരുതരമായി ബാധിക്കുകയും ചെയ്യും.
നിങ്ങളുടെ പാൻ ദുരുപയോഗം ചെയ്ത് മറ്റാരെങ്കിലും വായ്പ എടുത്തിട്ടുണ്ടോ എന്ന് ഇടയ്ക്ക് പരിശോധിക്കാൻ വഴിയുണ്ട്. ക്രഡിറ്റ് സ്‌കോർ പരിശോധിക്കുന്നതിലൂടെ ഇത് സാദ്ധ്യമാവും. എന്നാൽ മുൻകരുതലെടുക്കാതെ സൗജന്യമായി ക്രെഡിറ്റ് സ്‌കോർ അറിയാം എന്ന ചതിക്കുഴിയിൽ വീണ് പാൻ രേഖകൾ നൽകുന്നതും അപകടകരമാണ്. പാൻ കാർഡ് വിശദാംശങ്ങളോടൊപ്പം പേര്, ജനനത്തീയതി തുടങ്ങിയ വ്യക്തിഗത വിവരങ്ങൾ നൽകിയാൽ പ്രശസ്തമായ ഫിൻടെക് പ്ലാറ്റ്‌ഫോമുകളിൽ നിന്നും ക്രഡിറ്റ് സ്‌കോർ അറിയാൻ കഴിയും.