p-t-usha

ന്യൂഡൽഹി: രാജ്യസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്യപ്പെട്ട ഒളിമ്പ്യൻ പി ടി ഉഷ സത്യപ്രതിജ്ഞ ചെയ്തു. കൂടുതൽ പേർ സംസാരിക്കുന്ന ഭാഷ എന്ന വിലയിരുത്തലോടെ ഹിന്ദിയിലായിരുന്നു സത്യപ്രതിജ്ഞ ചെയ്തത്. കായികമേഖലയ്ക്കായി നിരവധി കാര്യങ്ങൾ ചെയ്യാനാകുമെന്ന് ചടങ്ങിന് മുൻപായി ഉഷ പറഞ്ഞു.

നടൻ സുരേഷ് ഗോപിയ്ക്ക് ശേഷം കേരളത്തിൽ നിന്ന് നാമനിർദേശം ചെയ്യപ്പെട്ടയാളാണ് പി ടി ഉഷ. ഉഷ ഉൾപ്പടെ വിവിധ മേഖലകളിൽ പ്രശസ്തരായ നാല് പേരെയാണ് ദക്ഷിണേന്ത്യയിൽ നിന്ന് രാജ്യസഭയിലേയ്ക്ക് നാമനിർദേശം ചെയ്യപ്പെട്ടത്. അംഗീകാരത്തിൽ സന്തോഷമുണ്ടെന്നും തനിക്കെതിരെ ചിലർ നടത്തിയ പ്രസ്‌താവനകൾ അവഗണിക്കുകയാണെന്നും ഉഷ പറഞ്ഞിരുന്നു.

കഴിഞ്ഞ ദിവസം ഭർത്താവ് വി. ശ്രീനിവാസനോടൊപ്പം ഡൽഹിയിൽ എത്തിയ ഉഷ പാർലമെന്റ് മന്ദിരത്തിൽ എത്തി നടപടിക്രമങ്ങൾ പൂർത്തിയാക്കി. ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി.നദ്ദയുമായും ഉഷ കൂടിക്കാഴ്‌ച നടത്തിയിരുന്നു.