പദ്‌മ സിനിമയിലേക്ക് ആദ്യം പരിഗണിച്ചത് മോഹൻലാലിനെയാണെന്നും ഇടയ്‌ക്ക് വച്ച് ആ തീരുമാനം മാറ്റിയതാണെന്നും നടനും സംവിധായകനുമായ അനൂപ് മേനോൻ. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ.

'പദ്മയുടെ കഥ ആദ്യം പറയുന്നത് ലാലേട്ടനോടാണ്. പക്ഷേ കുറച്ച് കഴിഞ്ഞപ്പോൾ മനസിലായി അദ്ദേഹത്തെ വച്ച് ഇത് വർക്ക് ആകില്ലെന്ന്. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ ബ്രാൻഡ് വളരെ വലുതാണ്. ഒരു പോയിന്റ് കഴിഞ്ഞപ്പോൾ ഞാൻ തന്നെ അദ്ദേഹത്തോട് പറഞ്ഞു വർക്ക് ആകുന്നില്ല ലാലേട്ടായെന്ന്.

കാരണം ആ കഥാപാത്രത്തേക്കാൾ വലുതാണ് ലാലേട്ടൻ. സിനിമയിൽ രണ്ടാം സ്ഥാനത്തേക്ക് അദ്ദേഹം പിന്തള്ളപ്പെട്ടുപോകും. പ്രാഥമികമായി ഈ സിനിമ പദ്മയാണ്. അങ്ങനെയാണ് ഞാൻ തന്നെ ചെയ്യാമെന്ന് കരുതിയത്.

സിനിമ ഇറങ്ങുന്നതിന് മുന്നേ പറഞ്ഞിരുന്നു 25 വയസിന് താഴെയുള്ളവർ കാണണ്ടയെന്ന്. വിവാഹം കഴിഞ്ഞവർക്ക് മാത്രമേ ഈ സിനിമ റിലേറ്റ് ചെയ്യാൻ പറ്റൂ. കാമുകി കാമുകന്മാർക്ക് റിലേറ്റ് ചെയ്യില്ല.

ഇപ്പോൾ സിനിമ കാണുന്നതിൽ കൂടുതൽ പേരും 22 വയസിന് താഴെയുള്ളവരാണ്. അവരോടാണ് നിങ്ങൾ ഈസിനിമ കാണണ്ടയെന്ന് ഞാൻ പറഞ്ഞത്. പത്തോ പതിനഞ്ചോ വർഷം കഴിഞ്ഞ് കല്യാണമൊക്കെ കഴിഞ്ഞിട്ട് വേണം ഈ സിനിമ കാണാൻ. അപ്പോൾ നിങ്ങൾക്കിത് ദഹിക്കും.

നിർമ്മാതാവ് എന്ന നിലയിൽ എനിക്ക് നഷ്ടമുണ്ടാക്കുന്ന കാര്യമാണ്. ഈ ഞാൻ തന്നെയാണ് ട്രിവാൻ‌ഡ്രം ലോ‌ഡ്‌ജ് എന്ന സിനിമയെഴുതിയത്. അത് 25 വയസിന് താഴെയുള്ളവർക്കായിരുന്നു ഏറ്റവുമധികം ഇഷ്ടപ്പെട്ടത്. പലതരം ആളുകൾക്ക് വേണ്ടിയാണ് സിനിമ എഴുതുന്നത്. എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന ഒരു സിനിമ ഇനി എഴുതണമെന്നുണ്ട്. " അനൂപ് മേനോൻ പറഞ്ഞു.

mohanlal