
ന്യൂഡൽഹി : ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് വിദേശ രാജ്യങ്ങളുടെ പൗരൻമാരാകാൻ കൂടുതൽ പേർ താത്പര്യം കാട്ടുന്നു. കഴിഞ്ഞ ദിവസം ഒരു ചോദ്യത്തിന് മറുപടിയായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നൽകിയ വിവരങ്ങളിലാണ് ഇക്കാര്യം വ്യക്തമായത്. 2021ൽ 1.6 ലക്ഷത്തിലധികം ഇന്ത്യക്കാർ തങ്ങളുടെ പൗരത്വം ഉപേക്ഷിച്ചു എന്നാണ് മന്ത്രി ലോക്സഭയെ അറിയിച്ചത്. ബഹുജൻ സമാജ് പാർട്ടി (ബിഎസ്പി) എംപി ഹാജി ഫസ്ലുർ റഹ്മാന്റെ ചോദ്യത്തിനുള്ള ഉത്തരമായിട്ടാണ്
ഇക്കാര്യം കേന്ദ്ര ആഭ്യന്തര സഹമന്ത്രിനിത്യാനന്ദ് റായി അറിയിച്ചത്. രാജ്യം വിട്ടവരുടെ എണ്ണവും അവർ തിരഞ്ഞെടുത്ത രാജ്യങ്ങളുടെ പട്ടികയും മന്ത്രി പുറത്ത് വിട്ടു. 2021ൽ രാജ്യം വിട്ടവർ പൗരത്വം സ്വീകരിച്ചത് കൂടുതലും അമേരിക്കയിൽ നിന്നുമാണ്. മറ്റു രാജ്യങ്ങളുടെ പേരും, പൗരത്വം സ്വീകരിച്ചവരുടെ എണ്ണവും ചുവടെ...
1. യു എസ് എ 78,284
2. ഓസ്‌ട്രേലിയ 23,533
3. കാനഡ 21,597
4. യുണൈറ്റഡ് കിംഗ്ഡം 14,637
5. ഇറ്റലി 2 5,986
6. ന്യൂസിലാൻഡ് 2,643
7. സിംഗപ്പൂർ 2,516
8. ജർമ്മനി 2,381
9. നെതർലാൻഡ്സ് 2,187
10. സ്വീഡൻ 1,841
കേന്ദ്ര ആഭ്യന്തര മന്ത്രാലയം നൽകിയ കണക്കനുസരിച്ച് പൗരത്വം ഉപേക്ഷിച്ച ഇന്ത്യക്കാരുടെ എണ്ണം മുൻവർഷങ്ങളെ അപേക്ഷിച്ച് വലിയ അളവിൽ വർദ്ധിച്ചിട്ടുണ്ട്. 2019ൽ 1,44,017 ഇന്ത്യക്കാരാണ് പൗരത്വം ഉപേക്ഷിച്ചത്. 2021 സെപ്തംബർ 30 ന് മുൻപുള്ള ഏഴ് വർഷത്തിൽ 8.5 ലക്ഷത്തിലധികം ഇന്ത്യൻ പൗരന്മാർ തങ്ങളുടെ പൗരത്വം ഉപേക്ഷിച്ചതായി കേന്ദ്ര മന്ത്രി കഴിഞ്ഞ ഡിസംബറിൽ വ്യക്തമാക്കിയിരുന്നു.