മീൻ വിഭവങ്ങൾ പ്രിയമല്ലാത്തവർ വിരളമായിരിക്കും പ്രത്യേകിച്ച് കേരളത്തിൽ. വിവിധ രുചികളിൽ മീൻ വിഭവങ്ങൾ പരീക്ഷിക്കാൻ ഇഷ്ടപ്പെടുന്നവരാണ് നമ്മളിൽ മിക്കവാറും പേർ. കേരളത്തിലെ ഓരോ ജില്ലയ്ക്കും തനതായ രുചികളുണ്ട് അല്ലേ? കായൽ വിഭവങ്ങൾക്ക് പേര് കേട്ട കുട്ടനാട്ടിലെ സ്‌പെഷ്യൽ ഫിഷ് മോളിയാണ് ഇന്ന് തയ്യാറാക്കുന്നത്. മലയാളികളുടെ പ്രിയപ്പെട്ട സിനിമ സീരിയൽ താരം സിന്ധുവും ഭർത്താവ് ശിവ സൂര്യയും ചേർന്നാണ് കുട്ടനാടൻ സ്‌പെഷ്യൽ ഫിഷ് മോളി തയ്യാറാക്കുന്നത്.
ആവശ്യമായ വിഭവങ്ങൾ
മോത മീൻ
സവാള- മൂന്ന് എണ്ണം അരിഞ്ഞത്
പച്ചമുളക്- 10 എണ്ണം രണ്ടായി മുറിച്ചത്
ഇഞ്ചിയും വെളുത്തുള്ളിയും ചതച്ചത്-പത്ത് ഗ്രാം
മല്ലിയില
കുരുമുളക് പൊടി
ഉപ്പ് ആവശ്യത്തിന്
തക്കാളി- രണ്ടണ്ണം അരിഞ്ഞത്
കുടംപുളി
ഗരംമസാല
കടുക്
വെളിച്ചെണ്ണ
മഞ്ഞൾപ്പൊടി
മല്ലിപ്പൊടി
കറിവേപ്പില
തേങ്ങാപ്പാൽ
വെള്ളം
തയ്യാറാക്കുന്ന വിധം
മൺചട്ടിയിലാണ് ഫിഷ് മോളി തയ്യാറാക്കുന്നത്. ആദ്യം ചട്ടി അടുപ്പിൽവച്ച് അതിലേയ്ക്ക് എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ ആവശ്യത്തിന് കടുകും കറിവേപ്പിലയും ചേർത്ത് മൂപ്പിക്കുക. ഇതിലേയ്ക്ക് സവാള ചേർത്ത് വഴറ്റണം. സവാള വഴണ്ടുവരുമ്പോൾ അതിൽ പച്ചമുളക് ചേർത്ത് വഴറ്റണം. സവാള വഴറ്റിവരുന്ന സമയം മീനിൽ അര സ്‌പൂൺ മഞ്ഞൾപ്പൊടി, ഒരു സ്‌പൂൺ കുരുമുളക് പൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് യോജിപ്പിച്ച് മാറ്റിവയ്ക്കണം.
സവാള, പച്ചമുളക് വഴറ്റിയതിലേയ്ക്ക് ഇഞ്ചി, വെളുത്തുള്ളി ചതച്ചത് ചേർക്കണം. ഇത് വഴറ്റിയതിന് ശേഷം അരിഞ്ഞുവച്ചിരിക്കുന്ന തക്കാളി ചേർത്ത് ഇളക്കണം. ഇതിൽ ഒരു സ്‌പൂൺ മഞ്ഞൾപ്പൊടി, മൂന്ന് സ്‌പൂൺ മല്ലിപ്പൊടി, കാൽ ടീസ്‌പൂൺ കുരുമുളക് പൊടി, അര സ്‌പൂൺ ഗരംമസാല എന്നില ചേർത്ത് ഇളക്കണം. ഇതിലേയ്ക്ക് കൂട്ടത്തിൽ അൽപ്പം എണ്ണയും ചേർക്കാം.
ചേരുവകൾ എല്ലാം നന്നായി വഴണ്ട് വരുമ്പോൾ അതിലേയ്ക്ക് കുടംപുളി ചേർത്തതിന് ശേഷം തിള വരുന്നതിനായി വെള്ളം ചേർക്കണം. തിള വന്നതിന് പിന്നാലെ മസാല ചേർത്ത് യോജിപ്പിച്ചുവച്ചിരിക്കുന്ന മീൻ കഷ്ണങ്ങൾ ചേർക്കണം. ഇത് വേകുന്നതിനിടെ കുറച്ച് കറിവേപ്പിലയും മല്ലിയിലയും ചേർക്കണം. പിന്നാലെ കറി അടച്ചുവച്ച് വേവിക്കണം. മീൻ വെന്തതിന് ശേഷം ഇതിലേയ്ക്ക് തേങ്ങാപ്പാൽ ചേർത്തതിന് ശേഷം ഒന്നര സ്‌പൂൺ വിനാഗിരിയും ചേർക്കണം. ഇതിൽ അൽപ്പം മല്ലിയിലയും കറിവേപ്പിലയും തക്കാളിയും ചേർത്ത് രണ്ടുമിനിട്ട് നേരം അടച്ച് വയ്ക്കണം. കുട്ടനാടൻ ഫിഷ് മോളി തയ്യാർ.
