
നിലമ്പൂർ: അബുദാബിയിൽ രണ്ട് മലയാളികളെ കൊലപ്പെടുത്തിയത് നിലമ്പൂരിലെ നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി ഷൈബിൻ അഷ്‌റാഫണെന്ന് മൊഴി. ഷാബാ ഷരീഫെന്ന നാട്ടുവൈദ്യനെ കൊലപ്പെടുത്തിയ സംഭവത്തിൽ കഴിഞ്ഞ ദിവസം കൂട്ടുപ്രതികളായ അജ്‌മൽ, ഷഫീഖ്, ഹബീബ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നാണ് അബുദാബിയിലെ ഇരട്ടക്കൊലപാതകത്തെ കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നത്.
2020 മാർച്ച് അഞ്ചിനാണ് ഹാരിസിനെയും മാനേജനരായ യുവതിയെയും ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഹാരിസ് കൈ ഞരമ്പ് മുറിച്ച് ജീവനൊടുക്കിയതാണെന്നായിരുന്നു ഇതുവരെയുള്ള കണക്കുക്കൂട്ടൽ. എന്നാൽ, പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നുമാണ് ഇരട്ടക്കൊലപാതകങ്ങളെ കുറിച്ചുള്ള നിർണായക വിവരങ്ങൾ പുറത്തു വരുന്നത്. ഇരുവരെയും കൊന്നത് തങ്ങളാണെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചതായാണ് വിവരം.
അവർ നൽകിയ തെളിവുകളിൽ ഹാരിസിന്റെ കൊലപാതകം ആസൂത്രണം ചെയ്തതിന്റെ തെളിവുകളും കണ്ടെത്തിയിട്ടുണ്ട്. ഹാരിസിന്റെ ബിസിനസ് പങ്കാളിയായിരുന്നു ഷാബിൻ അഷ്‌റഫ്. സാമ്പത്തിക തട്ടിപ്പുകളും ഹാരിസിന്റെ ഭാര്യയുമായുള്ള രഹസ്യബന്ധവുമെല്ലാം ഷാബിനുമായുള്ള ബന്ധത്തിൽ അകൽച്ച സൃഷ്ടിച്ചു.
പിന്നീട് ഹാരിസ് ഭാര്യയെ മൊഴി ചൊല്ലി വിവാഹബന്ധം വേർപെടുത്തിയിരുന്നു. മയക്കുമരുന്ന് കേസിൽ തന്നെ ഒറ്റിയത് ഹാരിസാണെന്നും ഷൈബിൻ വിശ്വസിച്ചിരുന്നു. ഇതിന്റെയെല്ലാം ദേഷ്യത്തിലാണ് ഹാരിസിനെ കൊലപ്പെടുത്താൻ ഷൈബിൻ തീരുമാനിച്ചത്.
എന്നാൽ മയക്കുമരുന്ന് കേസിൽ പിടിക്കപ്പെട്ടതോടെ അബുദാബിയിലേക്കുള്ള ഷൈബിന്റെ യാത്രകൾക്ക് വിലക്കേർപ്പെടുത്തിയിരുന്നു. അതുകൊണ്ടാണ് നിലമ്പൂരിലിരുന്ന് കൊലപാതകം ആസൂത്രണം ചെയ്തതും വിശ്വസ്തരെ കൊണ്ട് കൊല നടത്താനും പ്ലാനിട്ടത്. ചാർട്ടേഡ് ഫ്ലൈറ്റിലാണ് പ്രതികളെ അബുദാബിയിലെത്തിച്ചത്. ഹാരിസിന്റെ ഫ്ലാറ്റിന് തൊട്ടടുത്തുള്ള മറ്റൊരു ഫ്ലാറ്റിലായിരുന്നു ഇവരെ താമസിപ്പിച്ചത്. നാട്ടിലിരുന്ന് ഓൺലൈൻ വഴിയായിരുന്നു ഷൈബിൻ പ്രതികൾക്കെല്ലാം നിർദ്ദേശം നൽകിയിരുന്നത്.
പ്രതികൾ ഇരുവരെയും കൊലപ്പെടുത്തുന്നതും ഷൈബിൻ ലൈവായി കണ്ടിരുന്നു. സിസിടിവി ഇല്ലാത്ത വഴിയിലൂടെ അകത്ത് കയറിയ പ്രതികൾ ആദ്യം യുവതിയെയാണ് കൊലപ്പെടുത്തിയത്. ശേഷം ഹാരിസിനെ കൊണ്ട് യുവതിയുടെ ചെകിടത്ത് ബലമായി അടിപ്പിക്കുകയും കഴുത്തിൽ പിടിച്ച് ഞെരിപ്പിക്കുകയും ചെയ്തു.
പിന്നാലെ ഹാരിസിനെ കൊണ്ട് മദ്യം കുടിപ്പിച്ച ശേഷം കൈ മുറിച്ച് കുളിമുറിയിലേക്ക് തള്ളുകയായിരുന്നു. രക്തം തളം കെട്ടിയതോടെ ആ രക്തത്തിൽ ഹാരിസിന്റെ ചെരിപ്പ് മുക്കിയ ശേഷം ഒരു പ്രതി ആ ചെരിപ്പിട്ട് ഫ്ലാറ്റിലൂടെ നടന്നു. ഹാരിസ് മദ്യപിച്ചെത്തി യുവതിയെ കൊലപ്പെടുത്തിയെന്ന് തെളിയിക്കാനുള്ള ശ്രമങ്ങളായിരുന്നു ഇതൊക്കെയെന്ന് പ്രതികൾ പൊലീസിനോട് സമ്മതിച്ചിട്ടുണ്ട്.