narendra-modi-

ന്യൂഡൽഹി : വേഗത്തിന്റെ അടയാളമായ ചീറ്റ വീണ്ടും ഇന്ത്യൻ മണ്ണിൽ പായും. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നും ഇരുപത് ചീറ്റകളെ ഇന്ത്യയിൽ എത്തിക്കുന്നതിന് വേണ്ടി വർഷങ്ങളായി നടത്തുന്ന പരിശ്രമങ്ങൾ അവസാന ഘട്ടത്തിൽ. മദ്ധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിലെ കുനോ വന്യജീവി സങ്കേതത്തിലാവും ചീറ്റകൾ താവളം ഉറപ്പിക്കുക. ലോകത്തിലെ ആദ്യത്തെ ട്രാൻസ് കോണ്ടിനെന്റൽ ചീറ്റ ട്രാൻസ്‌ലോക്കേഷൻ പ്രോജക്റ്റാണ് ഇന്ത്യയും ആഫ്രിക്കൻ രാജ്യങ്ങളായ നമീബിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങൾക്ക് ഇടയിൽ നടക്കുക. ഇത് സംബന്ധിച്ച ധാരണാ പത്രം ഇന്ന് ഒപ്പുവച്ചു. ദക്ഷിണാഫ്രിക്കയുമായുള്ള ധാരണാപത്രം നേരത്തെ തന്നെ പൂർത്തിയായിരുന്നു.

നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽ നിന്നുമുള്ള ചീറ്റ ദാതാക്കളുടെ സംഘം ജൂൺ 15 ന് കുനോ സന്ദർശിച്ച് തയ്യാറെടുപ്പുകൾ പരിശോധിക്കുകയും, തൃപ്തി അറിയിക്കുകയും ചെയ്തിരുന്നു. ഓഗസ്റ്റ് 15നോ അതിനു ശേഷമോ ആവും ചീറ്റകൾ കുനോയിൽ എത്തുക. ഈ പ്രഖ്യാപനം ഔദ്യോഗികമായി സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയിൽ നിന്ന് നടത്തുമെന്നും അറിയുന്നു.

India-Namibia sign landmark agreement on wildlife conservation & sustainable biodiversity utilization. Will enable Cheetahs to be brought to India for historic reintroduction, a global first. High Commissioner Prashant Agrawal thanks Namibian authorities for support @MEAIndia pic.twitter.com/vNu38HOfdu

— India In Namibia (@IndiainNamibia) July 20, 2022

ദക്ഷിണാഫ്രിക്കയിൽ നിന്ന് 12 ഉം, നമീബിയയിൽ നിന്നും എട്ടും ചീറ്റകളെയാണ് ഇന്ത്യയിൽ എത്തിക്കുക. ഇതിൽ പത്ത് മുതൽ 12 എണ്ണമാവും കുനോയിൽ ഉണ്ടാവുക. ബാക്കിയുള്ളവയെ എവിടെ പാർപ്പിക്കും എന്ന് തീരുമാനമായിട്ടില്ല. അനുയോജ്യമായ സ്ഥലം സംബന്ധിച്ച് കേന്ദ്രവും നാഷണൽ ടൈഗർ കൺസർവേഷൻ അതോറിറ്റിയും (എൻടിസിഎ) വൈൽഡ്‌ലൈഫ് ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയും (ഡബ്ല്യുഐഐ) ഇതുവരെ തീരുമാനമെടുത്തിട്ടില്ല. പദ്ധതിയുടെ പ്രധാന സംഭാവന നൽകുന്നത് ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ ലിമിറ്റഡാണ്.