
ന്യൂഡൽഹി: ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മഹ് സുബൈറിന് ഇടക്കാലജാമ്യം അനുവദിച്ച് സുപ്രീം കോടതി. സുബൈറിനെ ഇന്ന് ആറുമണിക്കകം ജയിൽമോചിതനാക്കണമെന്ന് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു. സുബൈറിനെതിരെ രജിസ്റ്റർ ചെയ്ത ഏഴ് കേസുകളിലാണ് കോടതി ജാമ്യം അനുവദിച്ചത്.
സുബൈറിനെതിരായ കേസുകൾ അന്വേഷിക്കുന്നതിനായി ഉത്തർപ്രദേശ് പൊലീസ് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തെയും കോടതി പിരിച്ചുവിട്ടു. പിന്നാലെ സുബൈറിനെതിരായി ഉത്തർപ്രദേശിൽ രജിസ്റ്റർ ചെയ്ത ആറ് കേസുകൾ ഉൾപ്പടെ എല്ലാ കേസുകളും ഡൽഹിയിലേയ്ക്ക് മാറ്റി.
ഇനി ട്വീറ്റുകൾ ചെയ്യുന്നതിൽ നിന്ന് സുബൈറിനെ വിലക്കണമെന്ന ഉത്തർപ്രദേശ് സർക്കാരിന്റെ ആവശ്യം കോടതി തള്ളി. ഒരു അഭിഭാഷകനോട് വാദിക്കരുതെന്ന് പറയുന്നതിന് തുല്യമാണ് മാദ്ധ്യമപ്രവർത്തകനോട് ഇനി എഴുതരുതെന്ന് പറയുന്നതെന്ന് കോടതി ചൂണ്ടിക്കാണിച്ചു. എന്നാൽ ഭാവിയിൽ നിയമം ലംഘിക്കുന്ന പ്രവർത്തികൾ ചെയ്യുകയാണെങ്കിൽ സുബൈർ അതിന്റെ ഫലം നേരിടേണ്ടി വരുമെന്നും കോടതി വ്യക്തമാക്കി.
ഉത്തർപ്രദേശിലെ സീതാപൂർ, ഡൽഹി എന്നിവിടങ്ങളിലെ കേസുകളിൽ കോടതി സുബൈറിന് ജാമ്യം അനുവദിച്ചിരുന്നു. സമാന സ്വഭാവമുള്ള കേസുകളായതിനാലാണ് ഇപ്പോൾ മറ്റ് രണ്ടുകേസുകളിൽ കൂടി ജാമ്യം അനുവദിച്ചതെന്ന് കോടതി പറഞ്ഞു. യുപിയിൽ എഫ് ഐ ആർ രേഖപ്പെടുത്തിയ ആറ് കേസുകൾ ഒറ്റ കേസായി പരിഗണിച്ച് ഡൽഹി സ്‌പെഷ്യൽ പൊലീസ് ആയിരിക്കും കേസ് അന്വേഷിക്കുകയെന്നും കോടതി വ്യക്തമാക്കി. സുബൈറിന് എതിരായ എഫ് ഐ ആറുകൾ റദ്ദാക്കാത്ത സുപ്രീം കോടതി എല്ലാ കേസുകൾക്കെതിരായും അദ്ദേഹത്തിന് ഡൽഹി ഹൈക്കോടതിയെ സമീപിക്കാമെന്ന് അറിയിച്ചു.
2018ലെ ട്വീറ്റിന്റെ പേരിൽ ജൂൺ 27നാണ് മുഹമ്മദ് സുബൈർ അറസ്റ്റിലായത്. പിന്നാലെ ഏഴ് കേസുകൾ കൂടി അദ്ദേഹത്തിന്റെ പേരിൽ ഉത്തർപ്രദേശ് പൊലീസ് ചുമത്തുകയായിരുന്നു.