rupee

കൊച്ചി: ഡോളറിനെതിരെ രൂപ ചരിത്രത്തിലാദ്യമായി 80 കടന്ന് വ്യാപാരം പൂർത്തിയാക്കി. ഇന്നലെ 79.91ൽ വ്യാപാരം തുടങ്ങിയ രൂപ 80.05ലാണ് ക്ളോസ് ചെയ്‌തത്. ആഗോളതലത്തിൽ മറ്റ് കറൻസികളെ നിഷ്‌പ്രഭമാക്കി കുതിക്കുകയാണ് ഡോളർ. ക്രൂഡോയിൽ വിലയും ഉയർന്നതോടെ ഇറക്കുമതിക്കാർ വൻതോതിൽ വാങ്ങിക്കൂട്ടാൻ മത്സരിച്ചതും ഇന്നലെ രൂപയെ തളർത്തി.

ഡോളറിലാണ് ക്രൂഡോയിൽ വ്യാപാരമെന്നതിനാൽ വില ഉയരുമ്പോൾ ഡോളറിന്റെ ഡിമാൻഡും കൂടും. കരുതൽ ശേഖരത്തിൽ നിന്ന് റിസർവ് ബാങ്ക് വൻതോതിൽ ഡോളർ വിറ്റഴിക്കുന്നത് രൂപയുടെ തകർച്ചയുടെ ആക്കംകുറയ്ക്കുന്നുണ്ട്. ഓഹരിവിപണി നേട്ടത്തിലായതും ഗുണമായി. വരുംദിവസങ്ങളിലായി രൂപ 80.25 വരെ ഇടിഞ്ഞേക്കുമെന്നാണ് വിലയിരുത്തലുകൾ. സെൻസെക്‌സ് ഇന്നലെ 629 പോയിന്റ് നേട്ടവുമായി 55,397ലും നിഫ്‌റ്റി 180 പോയിന്റുയർന്ന് 16,520ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്.