
ആരംഭത്തിലേ കണ്ടെത്താൻ കഴിയും എന്നതാണ് സ്തനാർബുദത്തെ മറ്റ് കാൻസർ രോഗങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത്. സ്തനങ്ങൾ പുറമെ കാണപ്പെടുന്ന ശരീരഭാഗമായതിനാൽ കൃത്യമായ സ്വയം പരിശോധനയിലൂടെ ചെറിയ മാറ്റം പോലും കണ്ടെത്താൻ കഴിയും. ആരംഭദിശയിലേ കണ്ടുപിടിച്ചാൽ നൂറുശതമാനവും ചികിത്സിച്ച് ഭേദമാക്കാനും കഴിയും. അഞ്ച് ശതമാനം സ്തനാർബുദവും ജനിതക കാരണങ്ങളാൽ കാണപ്പെടുന്നതാണ്.
ആഹാരത്തിലെ ഫൈറ്റോ ഈസ്ട്രജൻ ( Phyto estrogen) എന്ന ഘടകത്തിന്റെ അഭാവം സ്തനാർബുദ സാദ്ധ്യത വർദ്ധിപ്പിക്കുന്നു. കുമ്പളം, ചേന, ചേമ്പ്, കാച്ചിൽ മുതലായവയിലും കോര തുടങ്ങിയ മത്സ്യത്തിലും ഫൈറ്റോ ഈസ്ട്രജൻ ധാരാളമായി അടങ്ങിയിട്ടുണ്ട്. ശരീരത്തിലടിയുന്ന അമിത കൊഴുപ്പും സ്തനാർബുദസാദ്ധ്യത വർദ്ധിപ്പിക്കുന്ന ഘടകമാണ്. മുലയൂട്ടൽ സ്തനാർബുദത്തിൽ നിന്നും ഒരു പരിധിവരെ സംരക്ഷണം നൽകും.