
ഒരു രാജ്യത്ത് നിന്നും മറ്റൊരു രാജ്യത്തേക്ക് യാത്രചെയ്യാൻ അത്യാവശ്യ രേഖയാണല്ലോ പാസ്‌പോർട്ട്. ലോകത്തിൽ ഏറ്റവുമധികം രാജ്യങ്ങളിൽ അംഗീകാരമുളള പാസ്‌പോർട്ട് ഏതാണ്? ശക്തമായ പാസ്‌പോർട്ടുകളിൽ ഇന്ത്യയുടെ സ്ഥാനം എത്രാമതാണ്? ഈ ചോദ്യങ്ങൾക്ക് മറുപടി ഇങ്ങനെയാണ്. ഏറ്റവുമധികം രാജ്യങ്ങളിൽ പാസ്‌പോർട്ട് അംഗീകരിക്കുന്ന രാജ്യം ജപ്പാനാണ്. രണ്ടാമത് സിംഗപൂരും മൂന്നാമത് ദക്ഷിണ കൊറിയയും.
193 രാജ്യങ്ങളിലാണ് ജപ്പാൻ പാസ്‌പോർട്ടിന് അംഗീകാരമുളളത്. ഇമിഗ്രേഷൻ കൺസൾട്ടൺസിയായ ഹെൻലി ആന്റ് പാർട്ട്‌ണേഴ്സാണ് ഈ വിവരം പുറത്തുവിട്ടത്.കൊവിഡ് കാലത്തെ യാത്രാ നിരോധനത്തിന് ശേഷം ലോകത്ത് അന്താരാഷ്‌ട്ര യാത്രികരുടെ എണ്ണം പ്രതിദിനം മെച്ചപ്പെടുന്നുണ്ടെന്നാണ് വിവരം. 119 രാജ്യങ്ങളിൽ അംഗീകാരമുളള റഷ്യ അൻപതാമതാണ് പട്ടികയിൽ. 80 രാജ്യങ്ങളിൽ അംഗീകാരമുളള ചൈന 69ാം സ്ഥാനത്താണ്. ഇന്ത്യൻ പാസ്‌പോർട്ടിന്റെ സ്ഥാനം 87ാമതാണ്. 27 രാജ്യങ്ങളിൽ മാത്രം അംഗീകാരമുളള അഫ്ഗാനിസ്ഥാനാണ് ഏറ്റവും ഒടുവിലത്തേത്.
2017ൽ ലോകത്ത് ഏറ്റവും സ്വീകാര്യമായ പാസ്‌പോർട്ടുകളിൽ ഇന്ത്യയ്ക്ക് സ്ഥാനം നേടാനായിരുന്നില്ല. എന്നാൽ നിലവിൽ ഈ പട്ടികയിൽ യൂറോപ്യൻ രാജ്യങ്ങളുടെ ആധിപത്യം കുറഞ്ഞിരിക്കുകയാണ്. 187 രാജ്യങ്ങളിൽ പ്രവേശനമുളള ബ്രിട്ടീഷ് പാസ്‌പോർട്ട് ആറാം സ്ഥാനത്താണ്. 186 രാജ്യങ്ങളിൽ അനുമതിയുളള അമേരിക്കയോ ഏഴാം സ്ഥാനത്തും.