
ലണ്ടൻ: ബ്രിട്ടീഷ് പ്രധാനമന്ത്രി പദവിയിലേക്കും കൺസർവേറ്റീവ് പാർട്ടി തലവനായും നടത്തുന്ന പോരാട്ടത്തിൽ അവസാന രണ്ടുപേരിൽ ഒരാളായി ഇന്ത്യൻ വംശജൻ ഋഷി സുനക്. അദ്ദേഹത്തെ കൂടാതെ വിദേശകാര്യ സെക്രട്ടറി ലിസ് ട്രസുമാണ് ഇപ്പോൾ മുന്നിലുളളത്. വ്യാപാര മന്ത്രി പെന്നി മോർഡൗണ്ട് പുറത്തായി.
നാല് റൗണ്ട് പൂർത്തിയായപ്പോൾ 118 വോട്ടുമായി പ്രധാനമന്ത്രി പദവിയിലേക്കുളള പോരാട്ടത്തിൽ ഒന്നാമതായിരുന്നു ഋഷി സുനക്. ആദ്യ മൂന്ന് റൗണ്ടുകളിലും ഋഷിയായിരുന്നു മുന്നിൽ. അതേ സമയം, മൂന്നാം റൗണ്ടിൽ ഋഷി, പെന്നി, ലിസ് എന്നിവർ യഥാക്രമം 115, 82, 71 വോട്ടുകൾ വീതമാണ് നേടിയത്. നാലാം റൗണ്ടിൽ പെന്നിയും ലിസും കാര്യമായ മുന്നേറ്റം നടത്തി.
അഞ്ചാം റൗണ്ട് വരെ പാർലമെന്റിലെ 358 കൺസർവേറ്റീവ് പാർട്ടി എം.പിമാർക്കിടയിലാണ് വോട്ടെടുപ്പ് നടക്കുന്നത്. എന്നാൽ, രണ്ട് സ്ഥാനാർത്ഥികളായി ചുരുങ്ങുന്നതോടെ 1,50,000 കൺസർവേറ്റീവ് പാർട്ടി അംഗങ്ങൾക്കിടെയിലെ വോട്ടിംഗിലൂടെയാണ് ഒരാളെ തിരഞ്ഞെടുക്കുക. സെപ്‌തംബർ അഞ്ചിന് അടുത്ത ബ്രിട്ടീഷ് പ്രധാനമന്ത്രി ആരെന്നറിയാം.