accident

തൃശൂർ: ആഡംബര വാഹനങ്ങൾ തമ്മിലുള്ള മത്സരയോട്ടത്തിനിടെ മഹീന്ദ്ര ഥാർ ടാക്സി കാറുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റവർ അപകടനില തരണം ചെയ്തു. അപകടത്തിൽ ടാക്സി യാത്രക്കാരനായ പാടുക്കാട് സ്വദേശി രവിശങ്കർ മരിച്ചിരുന്നു.

രവിശങ്കറിന്റെ ഭാര്യ മായ, മകൾ,ചെറുമകൾ, ടാക്സി ഡ്രൈവർ രാജൻ എന്നിവരാണ് ചികിത്സയിലുള്ളത്. അമിത വേഗതയിലാണ് ഥാർ വന്നതെന്നും എതിരെ വന്ന വാഹനത്തെ കാണാൻ പോലും പറ്റിയില്ലെന്നും മായ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.


അമിതവേഗതയിൽ കടന്നുപോയ കാറിന് പിന്നാലെയാണ് ഥാർ വന്നത്. തങ്ങളെ വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തതെന്നും രാജൻ പ്രതികരിച്ചു. ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് ശേഷം മടങ്ങുമ്പോൾ രാത്രി പത്തുമണിയോടെയായിരുന്നു അപകടം.

പോട്ടൂരിൽ വച്ച് മഹീന്ദ്ര ഥാറും ബി എം ഡബ്ല്യു കാറും തമ്മിലുള്ള മത്സരയോട്ടത്തിനിടെ ഥാർ ടാക്സിയിലേക്ക് ഇടിച്ചുകയറുകയായിരുന്നു. ഥാറിൽ ഉണ്ടായിരുന്ന ഒരാളെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചിരുന്നു. മറ്റ് രണ്ട് പേർ അപകടം നടന്നയുടനെ ഓടി രക്ഷപ്പെട്ടു. ബി എം ഡബ്ല്യു കാർ നിറുത്താതെ പോയി. മദ്യപസംഘത്തിന്റെ മത്സരയോട്ടമാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാരുടെ ആരോപണം.