moral-policing

ആൺകുട്ടികളും പെൺകുട്ടികളും അടുത്തിരുന്നുവെന്നാരോപിച്ച് ബസ് കാത്തിരിപ്പു കേന്ദ്രത്തിലെ ബെഞ്ച് ചിലർ തകർത്തതിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി വിദ്യാർത്ഥികൾ.ആൺ - പെൺ വ്യത്യാസങ്ങളില്ലാതെ, മടിയിലിരുന്നാണ് വിദ്യാർത്ഥികൾ സദാചാരവാദികൾക്ക് മറുപടി നൽകിയത്. വിദ്യാർത്ഥികളുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.

ഇപ്പോഴിതാ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവച്ചുകൊണ്ട് സി ഇ ടിയിലെ പൂർവ വിദ്യാർത്ഥിയായതിൽ അഭിമാനമുണ്ടെന്ന് വ്യക്തമാക്കിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും മുൻ എം എൽ എയുമായ കെ എസ് ശബരീനാഥൻ. ഇതിന്റെ പേരിൽ മിന്നലടിക്കുകയോ മാനം ഇടിഞ്ഞുവീഴികയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.


ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

'സി ഇ ടി (തിരുവനന്തപുരം എൻജിനിയറിംഗ് കോളേജ്) പരിസരത്തുള്ള വെയിറ്റിംഗ് ഷെഡിലെ ബെഞ്ച് ചില സദാചാരവാദികൾ മുറിച്ചു മൂന്നു സീറ്റുകളാക്കി മാറ്റി. വിദ്യാർത്ഥികൾ, ആൺകുട്ടികളും പെൺകുട്ടികളും കൂട്ടംകൂടി ഇരിക്കുന്നു എന്നായിരുന്നത്രെ പരാതി! ഇതിന് മനോഹരമായ ഒരു മറുപടി സി ഇ ടിയിലെ മിടുക്കർ നൽകി. അവർ കൂട്ടുകാരെല്ലാവരും ചേർന്നു ഈ സീറ്റുകളിൽ അങ്ങ് ഒത്തുകൂടി….ഒരു മിന്നലുമടിച്ചില്ല മാനവും ഇടിഞ്ഞില്ല, സി ഇ ടിക്കാർക്ക് ഒരു മനസാണ് എന്ന് വീണ്ടും തെളിയിച്ചു.'- അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.