moral-policing

തിരുവനന്തപുരം: ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരുന്നതിന് സദാചാരവാദികൾ ബസ് കാത്തിരിപ്പുകേന്ദ്രത്തിലെ ഇരിപ്പിടം വെട്ടിപ്പൊളിച്ചു. തിരുവനന്തപുരം എഞ്ചിനിയറിംഗ് കോളേജിന് (സി ഇ ടി) സമീപത്താണ് സംഭവം. ചൊവ്വാഴ്ച വൈകിട്ട് വിദ്യാർത്ഥികളെത്തിയപ്പോഴാണ് ഇരിപ്പിടം പൊളിച്ചത് കണ്ടത്.

ഇരിപ്പിടം വെട്ടിപ്പൊളിച്ച് ഒരാൾക്ക് മാത്രം ഇരിക്കാവുന്ന രീതിയിലാക്കുകയായിരുന്നു. ഇത് എന്തിനാണ് ചെയ്തതെന്ന് ആദ്യം വിദ്യാർത്ഥികൾക്ക് മനസിലായില്ല. ആൺകുട്ടികളും പെൺകുട്ടികളും ഒന്നിച്ചിരുന്നതിനാണെന്ന് മനസിലായതോടെ വ്യത്യസ്ത രീതിയിൽ പ്രതിഷേധിക്കാൻ രണ്ടാം വർഷ വിദ്യാർത്ഥികൾ തീരുമാനിക്കുകയായിരുന്നു.


ഒരാൾക്ക് മാത്രം ഇരിക്കാവുന്ന സ്ഥലത്ത് ആൺകുട്ടികളുടെ മടിയിലിരുന്നുകൊണ്ടാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. തുടർന്ന് ‘അടുത്ത് ഇരിക്കരുത് എന്നല്ലേ ഉള്ളൂ? മടീൽ ഇരിക്കാലോല്ലെ’ എന്ന കുറിപ്പോടെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്‌തു.

നിമിഷ നേരം കൊണ്ടാണ് ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായത്.കോൺഗ്രസ് നേതാക്കളായ വി ടി ബൽറാം, കെ എസ് ശബരീനാഥൻ തുടങ്ങി നിരവധി പേരാണ് വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയത്.

വിദ്യാർത്ഥികൾ മടിയിലിരുന്നതിന്റെ പേരിൽ മിന്നലടിക്കുകയോ മാനം ഇടിഞ്ഞുവീഴികയോ ചെയ്തിട്ടില്ലെന്ന് കെ എസ് ശബരീനാഥൻ ഫേസ്ബുക്കിൽ കുറിച്ചു. സി ഇ ടിയിലെ പൂർവ വിദ്യാർത്ഥിയായതിൽ അഭിമാനമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.