
വീട്ടിൽ വളർത്തുന്ന പക്ഷികളായാലും മൃഗങ്ങളായാലും അവ നമുക്ക് ഏറെ പ്രിയപ്പെട്ടതായിരിക്കും. കുടുംബത്തിലെ ഒരംഗത്തെ പോലെ ആയി മാറുന്ന ഇവർക്ക് എന്തെങ്കിലും പറ്റിക്കഴിഞ്ഞാൽ അത് നമുക്ക് താങ്ങാൻ കഴിഞ്ഞെന്നു വരില്ല. അത്തരത്തിൽ, വീട്ടിൽ നിന്ന് കാണാതായ തത്തയെ കണ്ടെത്തുന്നവർക്ക് 50,000രൂപ പാരിതോഷികം നൽകാൻ തീരുമാനിച്ചിരിക്കുകയാണ് കർണാടകയിലെ ഒരു കുടുംബം.
ഒരാഴ്ച മുമ്പാണ് തുമാകുരു ജില്ലയിലെ ജയാനഗർ സ്വദേശിയായ രവിയുടെ വീട്ടിൽ നിന്നും തത്തയെ കാണാതാകുന്നത്. രുസ്തുമ എന്ന് പേരിട്ടിരിക്കുന്ന ആഫ്രിക്കൻ തത്തയെയാണ് കാണാതായത്. ഇവരുടെ വീട്ടിൽ വേറെയും തത്തകളെയും മൃഗങ്ങളെയും വളർത്തുന്നുണ്ട്. രുസ്തുമയെ കാണാതായതോടെ പരിസരപ്രദേശത്തെല്ലാം അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പിന്നീട് പ്രദേശത്ത് ഫോട്ടോ വച്ച പോസ്റ്ററുകൾ പതിക്കുകയും ചെയ്തു.
കുടുംബത്തിലെ ഒരംഗത്തെ പോലെയാണ് രുസ്തുമയെന്നും കാണാതായതിന്റെ വേദന താങ്ങാൻ കഴിയുന്നില്ലെന്നും കുടുംബം അറിയിച്ചു. തത്തയെ കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്കോ അല്ലെങ്കിൽ അതിനെ തിരികെ കൊണ്ട് കൊടുക്കുന്നവർക്കോ 50,000രൂപ അപ്പോൾ തന്നെ നൽകുമെന്നും രവി അറിയിച്ചു. മൃഗങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന സംഘടനകളിൽ പ്രവർത്തിക്കുന്നയാളാണ് രവി.