shashi-tharoor

ന്യൂഡൽഹി: കടിച്ചാൽ പൊട്ടാത്ത വാക്കുകൾ ട്വീറ്റ് ചെയ്തും സാമൂഹിക വിഷയങ്ങളിൽ നിലപാട് രേഖപ്പെടുത്തിയും എപ്പോഴും വാർത്തകളിൽ നിറയുന്ന വ്യക്തിയാണ് ശശി തരൂർ എംപി. ഇപ്പോഴിതാ ശശി തരൂർ പങ്കുവച്ച പുതിയ ട്വീറ്റ് ഏറെ ശ്രദ്ധനേടുകയാണ്. മുൻകൂട്ടി പാക്ക് ചെയ്ത ഭക്ഷ്യവസ്‌തുക്കൾക്ക് ജി എസ് ടി ഈടാക്കുമെന്നുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെ പരോക്ഷമായി പരിഹസിക്കുകയാണ് എംപി ട്വീറ്റിലൂടെ.

പനീർ ഉൾപ്പടെ മുൻകൂട്ടി പാക്ക് ചെയ്ത ഭക്ഷ്യവസ്‌തുക്കളെ ജി എസ് ടിയുടെ പരിധിയിൽ കൊണ്ടുവന്നിരുന്നു. ഇത് വാട്‌സ് ആപ്പ് സന്ദേശത്തിന്റെ രൂപേണയാണ് എംപി ട്വീറ്റ് ചെയ്തത്. 'പനീറിന് ജി എസ് ടി- അഞ്ച് ശതമാനം, വെണ്ണ ജി എസ് ടി- പന്ത്രണ്ട് ശതമാനം, മസാല- അഞ്ച് ശതമാനം, എങ്കിൽ പനീർ ബട്ടർ മസാലയുടെ ജി എസ് ടി കണക്കുകൂട്ടു' എന്നായിരുന്നു വാട്‌സ് ആപ്പ് സന്ദേശം. ആരാണ് ഇത്തരം സന്ദേശങ്ങളുടെ സൃഷ്ടാവ് എന്നറിയില്ല. എന്നാലിത് ജി എസ് ടി സംബന്ധിച്ച കേന്ദ്രത്തിന്റെ പുതിയ തീരുമാനം എത്രത്തോളം വിഡ്ഡിത്തമാണെന്ന് വ്യക്തമാക്കുന്നു എന്ന കുറിപ്പോടെയാണ് ശശി തരൂർ ട്വീറ്റ് പങ്കുവച്ചിരിക്കുന്നത്.

I don't know who comes up with these brilliant WhatsAPP forwards but this one skewers the folly of the GST as few jokes have! pic.twitter.com/zcDGzgGOIQ

— Shashi Tharoor (@ShashiTharoor) July 20, 2022

ബ്രാൻഡോ ലേബലോ പതിച്ച മുൻകൂട്ടി പാക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾക്ക് അഞ്ച് ശതമാനം നികുതി എന്നതാണ് കേന്ദ്രത്തിന്റെ പുതിയ തീരുമാനം. ജി എസ് ടി കൗൺസിൽ യോഗത്തിലാണ് ഇക്കാര്യം തീരുമാനമായത്. തിങ്കളാഴ്ച മുതൽ പുതിയ നികുതി നിരക്കുകൾ പ്രാബല്യത്തിൽ വന്നതോടെ പനീർ ബട്ടർ മസാല എന്ന പ്രയോഗം സമൂഹമാദ്ധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് എംപിയുടെ ട്വീറ്റ്. കേന്ദ്രത്തിന്റെ പുതിയ തീരുമാനത്തിനെതിരെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം ഉയർത്തിയിരുന്നു.