swapna

ന്യൂഡൽഹി: സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരായ സ്വപ്നയുടെ രഹസ്യമൊഴി സുപ്രീം കോടതിക്ക് നൽകാൻ തയ്യാറായി ഇ ഡി. കോടതി ആവശ്യപ്പെട്ടാൽ മൊഴി മുദ്രവച്ച കവറിൽ നൽകാമെന്നാണ് ഇ ഡി രേഖാമൂലം കോടതിയെ അറിയിച്ചിട്ടുണ്ട്. സ്വര്‍ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഹര്‍ജിയിലാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വർണക്കടത്ത് കേസിന്‍റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയിൽ ഇഡി ട്രാൻസ്ഫർ ഹർജി നൽകിയത്. ഈ മാസം ആറിനാണ് 59 പേജുള്ള ഹർജി ഇഡി ഫയല്‍ ചെയ്തത്. 19 ന് ഹർജി രജിസ്റ്റർ ചെയ്തു.

നയതന്ത്ര സ്വർണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ് കേരളസർക്കാർ അട്ടിമറിക്കുമെന്ന ആശങ്കയിലാണ് ബംഗളൂരുവിലെ കോടതിയിലേക്ക് മാറ്റാൻ ഇ. ഡിയെ മുൻനിറുത്തി കേന്ദ്രസർക്കാർ നീക്കം നടത്തുന്നത്. കേസ് ബംഗളുരുവിലേക്ക് മാറ്റണമെന്ന് അഭ്യർത്ഥിച്ച് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് കൊച്ചി സോൺ അസിസ്റ്റന്റ് ഡയറക്ടറാണ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്.

സ്വപ്ന സുരേഷ്, പി.എസ് സരിത്, സന്ദീപ് നായർ, എം.ശിവശങ്കർ എന്നിവർ പ്രതികളായി എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലുള്ള 610/2020 നമ്പർ കേസാണ് ബംഗളുരുവിലേക്ക് മാറ്റാൻ ശ്രമിക്കുന്നത്. ഡൽഹിയിൽ നടന്ന രണ്ട് ഉന്നതതല യോഗങ്ങളിലാണ് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റാൻ തീരുമാനമായത്. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരെ പ്രതിയായ സ്വപ്ന സുരേഷ് ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ച ശേഷമാണ് ഡൽഹിയിൽ ഉന്നതതല യോഗങ്ങൾ നടന്നത്. കേന്ദ്ര ധനമന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, നിയമമന്ത്രാലയം തുടങ്ങിയ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരും കേന്ദ്ര സർക്കാരിന്റെ സീനിയർ അഭിഭാഷകരുമാണ് യോഗങ്ങളിൽ പങ്കെടുത്തത്. സ്വപ്ന സുരേഷിന്റെ മൊഴി പുറത്തുവന്ന ശേഷം അവർക്കെതിരെ എടുത്ത കേസും പൊലീസിന്റെ ഇടപെടലുകളും ഈ യോഗങ്ങളിൽ ചർച്ചയായി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സ്വപ്നയുടെ മൊഴി ജൂൺ 22, 23 തീയതികളിൽ ഇ.ഡി രേഖപ്പെടുത്തിയിരുന്നു. സ്വപ്ന സ്വന്തം നിലയിൽ മജിസ്ടേറ്റ് കോടതി മുമ്പാകെ രഹസ്യമൊഴി നൽകിയ ശേഷമായിരുന്നു ഇ.ഡിയുടെ മൊഴിയെടുപ്പ്.

കോടതി മാറ്റാൻ ഇ.ഡിയെ പ്രകോപിപ്പിച്ചത്

1. സ്വപ്‌നയുടെയും സന്ദീപിന്റെയും വെളിപ്പെടുത്തലുകളുടെ പേരു പറഞ്ഞ് ഇ.ഡി ഉദ്യോഗസ്ഥർക്കെതിരെ ക്രൈംബ്രാഞ്ച് രണ്ടു കേസുകൾ രജിസ്റ്റർചെയ്തു. (ഈ കേസുകൾ ഹൈക്കോടതി പിന്നീട് റദ്ദാക്കി)

2. ഇ.ഡി ഉൾപ്പെടെ കേന്ദ്ര ഏജൻസികൾക്കെതിരെ അന്വേഷണം നടത്താൻ ജസ്റ്റിസ് വി.കെ. മോഹനനെ ജുഡിഷ്യൽ കമ്മിഷനായി നിയമിച്ചു. (ഇതു ഹൈക്കോടതി സ്റ്റേ ചെയ്തു.)

3. സീനിയർ ഐ.എ.എസ് ഉദ്യോഗസ്ഥനായ ശിവശങ്കറിനെ സർവീസിൽ തിരിച്ചെടുത്തു. ഉന്നത പദവിയുള്ള ശിവശങ്കർ സാക്ഷികളെ സ്വാധീനിച്ചും സർക്കാർ സംവിധാനങ്ങളെ ഇടപെടുവിച്ചും കേസ് അട്ടിമറിക്കാൻ ശ്രമിക്കും.

4. സ്വപ്‌ന മുഖ്യമന്ത്രിയടക്കമുള്ളവർക്കെതിരെ നൽകിയ മൊഴി മാറ്റാൻ സമ്മർദ്ദമുണ്ടെന്ന് ആരോപണം. സ്വപ്നയെ കേസുകളിൽ കുടുക്കി മൊഴി മാറ്റാൻ സർക്കാരും പൊലീസും സമ്മർദ്ദം ചെലുത്തുകയാണെന്ന് ആരോപണമുണ്ട്.

കേന്ദ്രത്തിന്റെ ദീർഘകാല ലക്ഷ്യം

സ്വർണക്കടത്തു കേസുകളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരെയുള്ള സ്വപ്നയുടെ പുതിയ ആരോപണങ്ങളെ പറ്റി തുടരന്വേഷണത്തിനാണ് കേന്ദ്രസർക്കാർ ഒരുങ്ങുന്നതെന്നാണ് സൂചന. രണ്ട് വർഷത്തിനപ്പുറം ലോക്‌സഭാ തിരഞ്ഞെടുപ്പ് വരുമ്പോഴേക്കും ഈ കേസുകൾ രാഷ്‌ട്രീയമായി മുതലെടുക്കാമെന്നാണ് കണക്കുകൂട്ടൽ.