
വിമാനത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ ശാരീരികമായി നേരിട്ട ഇടതുമുന്നണി കൺവീനർ ഇ പി ജയരാജനെതിരെ കേസെടുക്കാനുള്ള കോടതി നിർദ്ദേശത്തെ പരോക്ഷമായി വിമർശിച്ച് കെ ടി ജലീൽ എം എൽ എയുടെ ഫേസ്ബുക്ക് പോസ്റ്റ്. കേരളത്തിൽ "ഇടതുപക്ഷ വിരുദ്ധ മഹാസഖ്യം" വിപുലീകരിക്കപ്പെട്ടു. ഇടതുപക്ഷക്കാരനെതിരെ ഒരു തുണ്ട് കടലാസിലെഴുതി ഏത് മുറുക്കാൻ കടയിൽ കൊടുത്താലും നടപടി ഉറപ്പ് എന്നാണ് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്. അടിക്കുമ്പോൾ തടുക്കുന്നത് മഹാപരാധം!
അടിക്കുന്നത് ജനാധിപത്യാവകാശം. കയ്യേറ്റം ചെയ്യാൻ വരുമ്പോൾ പ്രതിരോധിക്കുന്നത് വലിയ കുറ്റം.കയ്യേറ്റം ചെയ്യുന്നത് പ്രതിഷേധ മുറ.കോട്ടിട്ടവരും ഇടാത്തവരും ഒന്നിച്ചു നിന്ന് കമ്മ്യൂണിസ്റ്റ് മനസുകളെ മൂക്കിൽ വലിച്ച് കളയാമെന്ന് വിചാരിക്കുന്നുവെങ്കിൽ അവർ ചെഗുവേരയെ വായിക്കുക എന്നും ജലീൽ കൂട്ടിച്ചേർത്തു.
ഇന്നലെയാണ് ജയരാജനും മുഖ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫിനുമെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശിച്ചത്. ജയരാജനെ മുഖ്യമന്ത്രി ന്യായീകരിക്കുകയും കേസെടുക്കില്ലെന്ന് നിയമസഭയിലടക്കം പ്രഖ്യാപിക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് കേസെടുക്കേണ്ടിവന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കേരളത്തിൽ "ഇടതുപക്ഷ വിരുദ്ധ മഹാസഖ്യം" വിപുലീകരിക്കപ്പെട്ടു!!
ഇടതുപക്ഷക്കാരനെതിരെ ഒരു തുണ്ട് കടലാസിലെഴുതി ഏത് മുറുക്കാൻ കടയിൽ കൊടുത്താലും നടപടി ഉറപ്പ്.
അടിക്കുമ്പോൾ തടുക്കുന്നത് മഹാപരാധം!
അടിക്കുന്നത് ജനാധിപത്യാവകാശം!!
കയ്യേറ്റം ചെയ്യാൻ വരുമ്പോൾ പ്രതിരോധിക്കുന്നത് വലിയ കുറ്റം.
കയ്യേറ്റം ചെയ്യുന്നത് പ്രതിഷേധ മുറ!!
കോട്ടിട്ടവരും ഇടാത്തവരും ഒന്നിച്ചു നിന്ന് കമ്മ്യൂണിസ്റ്റ് മനസ്സുകളെ മൂക്കിൽ വലിച്ച് കളയാമെന്ന് വിചാരിക്കുന്നുവെങ്കിൽ അവർ ചെഗുവേരയെ വായിക്കുക.