
അറിയപ്പെടുന്ന വ്യക്തികളെയാകും പൊതുവേ ഉദ്ഘാടനങ്ങൾക്ക് ക്ഷണിക്കുന്നത്. എന്നാൽ ഒരു മൃഗം ഉദ്ഘാടകനായി എത്തിയ സംഭവം എവിടെയെങ്കിലും കേട്ടിട്ടുണ്ടാകുമോ. കർണാടകയിലെ ഗഡാഗ് ജില്ലയിൽ നിന്നുമാണ് അത്തരമൊരു വാർത്ത ഇപ്പോൾ കേൾക്കുന്നത്. ഇവിടെയുള്ള ഒരു ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തത് പോത്ത് ആണ്. ആഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് സംഭവം പുറത്തറിയുന്നത്.
ബലെഹോസൂർ ജില്ലയിലെ ഗ്രാമവാസികളാണ് വേറിട്ട ആഘോഷം നടത്തിയത്. നീണ്ട നാളായി ഇവിടെയുള്ള ജനങ്ങളുടെ ആവശ്യമാണ് നല്ലൊരു വിശ്രമകേന്ദ്രം വേണമെന്നത്. 40 വർഷങ്ങൾക്ക് മുമ്പുണ്ടാക്കിയ കെട്ടിടം കഴിഞ്ഞ കുറേ വർഷങ്ങളായി തകർച്ചയുടെ പാതയിലായിരുന്നു. അന്നുമുതലേ ഗ്രാമവാസികൾ നിരന്തരം അധികൃതരോട് പുതിയൊരു വിശ്രമകേന്ദ്രം എന്ന ആവശ്യം ഉന്നയിച്ചിരുന്നു.
അടുത്ത കാലത്തായി ആ കെട്ടിടം പൂർണമായും തകർന്നു വീണു. അതോടെ, മഴക്കാലത്ത് വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ബസ് കാത്ത് നിൽപ്പ് കൂടുതൽ ദുഷ്‌കരമായി. ഓരോ തവണയും ആവശ്യവുമായി ചെല്ലുമ്പോൾ നടപടിയെടുക്കാമെന്ന് ഉറപ്പ് നൽകുമെങ്കിലും ആരും തിരിഞ്ഞു പോലും നോക്കിയില്ലെന്നാണ് പ്രദേശവാസികൾ പറയുന്നത്.
ഒടുവിൽ നാട്ടുകാർ തന്നെ ചെറിയ തുക പിരിച്ചെടുക്കുകയും തെങ്ങിൻ തടി കൊണ്ട് താൽക്കാലികമായ ഒരു ഷെൽട്ടർ പണിയുകയും ചെയ്തു. എന്നിട്ട് പോത്തിനെ കൊണ്ട് ഷെൽട്ടറിന്റെ ഉദ്ഘാടനവും നടത്തി. അതേസമയം, ഇങ്ങനെയൊരു സംഭവത്തെ കുറിച്ചും പരാതിയെ കുറിച്ചും തനിക്ക് അറിയില്ലെന്ന് ഷിരഹട്ടിയിലെ ബിജെപി എം എൽ എ രാമപ്പ ലമാനി പറഞ്ഞു.