sonia

ന്യൂഡൽഹി: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നത് തുടരുന്നു. പന്ത്രണ്ട് മണിയോടെയാണ് സോണിയ ഇ ഡി ഓഫീസിൽ ഹാജരായത്. മകളും കോൺഗ്രസ് നേതാവുമായ പ്രിയങ്കാ ഗാന്ധിയും സോണിയയോടൊപ്പം ഉണ്ടായിരുന്നു. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡൽഹി പൊലീസ് എ ഐ സി സി ആസ്ഥാനത്തുൾപ്പടെ നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും ഇതുലംഘിച്ച് നിരവധി പാർട്ടി പ്രവർത്തകരാണ് സോണിയാഗാന്ധിക്ക് അഭിവാദ്യമർപ്പിക്കാൻ എത്തിയത്. ഇവർ പൊലീസുമായി ഉന്തും തള്ളുമുണ്ടാവുകയും ചെയ്തു. നാടകീയ രംഗങ്ങളാണ് എ ഐ സി സി ആസ്ഥാനത്തിന് മുന്നിലുണ്ടായത്. പ്രവർത്തകരെ നീക്കംചെയ്യാൻ പൊലീസ് ശ്രമം തുടരുകയാണ്.

ഇ ഡി നടപടിയ്‌ക്കെതിരെ കോൺഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധിക്കും.ചോദ്യം ചെയ്യലിനായി ഇ ഡി നേരത്തെ നോട്ടീസ് നൽകിയിരുന്നെങ്കിലും സോണിയ ഗാന്ധി ഹാജരായിരുന്നില്ല. ആരോഗ്യകാരണങ്ങളെ തുടർന്ന് ഹാജരാകാൻ കഴിയില്ലെന്ന് അന്വേഷണ സംഘത്തെ അറിയിക്കുകയായിരുന്നു. കേസിൽ കഴിഞ്ഞ മാസം രാഹുൽ ഗാന്ധിയെ അഞ്ചു ദിവസങ്ങളായി 50 മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. അന്നും കോൺഗ്രസ് രാജ്യവ്യാപകമായ പ്രതിഷേധിച്ചിരുന്നു.