draupadi-murmu

ഭുവനേശ്വർ: പ്രസിഡന്റ് തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുൻപ് തന്നെ വിജയം ആഘോഷിച്ച് എൻ ഡി എ സ്ഥാനാർത്ഥി ദ്രൗപതി മുർമുവിന്റെ ജന്മനാടായ ഒഡീഷയിലെ ഉപേർബേദ.

ഒഡീഷയുടെ തലസ്ഥാനമായ ഭുവനേശ്വരിൽ നിന്നും 280 കിലോമീറ്റർ അകലെയായി സ്ഥിതി ചെയ്യുന്ന ഉപേർബേദയിലാണ് ദ്രൗപതി മുർമു ജനിച്ചതും വളർന്നതും. മുർമുവിന്റെ കുടുംബവീട് ഇപ്പോഴും ഇവിടെയുണ്ട്. ഗ്രാമം ഒട്ടാകെ 20,000ൽ അധികം ലഡ്ഡു വിതരണം ചെയ്ത് 'ഒഡീഷയുടെ മകളുടെ' വിജയം ആഘോഷിക്കാനാണ് ഗ്രാമീണർ പദ്ധതിയിടുന്നത്. മുർമു ജയിക്കുമെന്നും രാജ്യത്തിന് ആദ്യത്തെ ഗോത്രവർഗ പ്രസിഡന്റിനെ ലഭിക്കുമെന്നുമുള്ള പൂർണ വിശ്വാസത്തിലാണ് ഉപേർബേദ നിവാസികൾ. നാടോടി കലാകാരൻമാരും മറ്റ് ഗോത്രവർഗ നൃത്തക്കാരും വിജയാഘോഷത്തിനായുള്ള അവസാന ഘട്ട ഒരുക്കത്തിലാണ്.

എൻഡിഎ സ്ഥാനാർത്ഥി ദ്രൗപതി മുർമുവും സംയുക്ത പ്രതിപക്ഷ സ്ഥാനാർഥി യശ്വന്ത് സിൻഹയുമാണ് മത്സരരംഗത്തുള്ളത്. പതിനൊന്ന് മണിയോടെ വോട്ടെണ്ണൽ നടപടികൾ ആരംഭിച്ചിരുന്നു. വൈകിട്ട് അഞ്ചുമണിയോടെ ഫലം പുറത്തുവരുമെന്നാണ് വിവരം.

Delhi | Counting of votes for the Presidential election to begin at 11am today, preparations underway at Parliament pic.twitter.com/Zr0yCCqnbk

— ANI (@ANI) July 21, 2022

ജൂലായ് 18ന് രാജ്യത്തുടനീളമുള്ള എല്ലാ തിരഞ്ഞെടുക്കപ്പെട്ട എം‌എൽ‌എമാരും എം‌പിമാരും രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് വരെ പാർലമെന്റ് ഹൗസ് ഉൾപ്പെടെ 31 സ്ഥലങ്ങളിലും സംസ്ഥാന നിയമസഭകൾക്കുള്ളിലെ 30 കേന്ദ്രങ്ങളിലും പ്രസിഡന്റ് തിരഞ്ഞെടുപ്പിന് വോട്ട് രേഖപ്പെടുത്തിയിരുന്നു. പാർലമെന്റ് ഹൗസിൽ വോട്ട് ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച 727 എംപിമാരും ഒമ്പത് എംഎൽഎമാരും അടങ്ങുന്ന 736 ഇലക്‌ടർമാരിൽ 728 ഇലക്‌ടർമാർ വോട്ട് രേഖപ്പെടുത്തി. പാർലമെന്റ് ഹൗസിലെ ആകെ പോളിങ് ശതമാനം 98.91 ആണ്.