
അവധി ദിവസങ്ങളിൽ കുട്ടികളെ വീട്ടിൽ നിയന്ത്രിക്കുന്നത് മാതാപിതാക്കളെ സംബന്ധിച്ച് കുറച്ചധികം പ്രയാസമുള്ള കാര്യമാണ്. ഇപ്പോഴാണെങ്കിൽ മഴയായതിനാൽ വീടിന് വെളിയിൽ പോയി കളിക്കാൻ മിക്ക രക്ഷിതാക്കളും മക്കളെ സമ്മതിക്കാറുമില്ല. വീട്ടിലിരുന്ന് ബോറടിച്ച് പുറത്ത് എവിടെയെങ്കിലും കൊണ്ടുപോകണമെന്നോ, കൂട്ടുകാരോടൊപ്പം കളിക്കാൻ വിടണമെന്നൊക്കെ പറഞ്ഞ് വാശിപിടിക്കുന്നവരുണ്ട്.
എന്നാൽ മാതാപിതാക്കളാകട്ടെ വീട്ടുജോലിയും ഓഫീസ് ജോലിയുമൊക്കെ ഒന്നിച്ചുകൊണ്ടുപോകാനുള്ള നെട്ടോട്ടത്തിലുമായിരിക്കും. ഇതിനിടയിൽ മക്കളെ എങ്ങനെ സന്തോഷിപ്പിക്കാം എന്നതിനെക്കുറിച്ച് മനഃശാസ്ത്രജ്ഞനായ ജാസ്മിൻ മക്കോയ് സംസാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
ഡോക്ടർ നൽകുന്ന ടിപ്‌സ് നോക്കാം
പുറത്തേക്ക് പോകുന്നതിനുപകരം വീടിനുള്ളിൽ തന്നെ ഇരുന്ന് മക്കളുടെ കൂടെ കളിക്കാം. വീട്ടിലുള്ള എന്തെങ്കിലും ഒളിപ്പിച്ച് വച്ച് അത് മക്കളോട് കണ്ടെത്തി തരാൻ പറയുക. വീട് വൃത്തികേടാക്കാതെ ഇത്ര സമയത്തിനുള്ളിൽ കണ്ടെത്തിയാൽ സമ്മാനം തരുമെന്നും പറയണം. തുടർന്ന് നിങ്ങൾക്ക് നിങ്ങളുടെ ജോലി തുടരുകയും ചെയ്യാം.
പഴയ ആൽബങ്ങൾ പൊടിതട്ടിയെടുത്ത് മക്കൾക്ക് നൽകാം. തുടർന്ന് നിങ്ങൾക്ക് നിങ്ങളുടെ ജോലിയിൽ മുഴുകുകയും ചെയ്യാം. നിങ്ങൾ ഫ്രീയാണെങ്കിൽ ചിത്രങ്ങളിലുള്ള ബന്ധുക്കളെയൊക്കെ അവർക്ക് പരിചയപ്പെടുത്താം. കൂടാതെ പഴയ പല ഓർമകളും അവരുമായി പങ്കുവയ്ക്കാം.
കടലാസും ക്രയോണുകളും നൽകി മനസിൽ എന്താണോ തോന്നുന്നത് അത് വരയ്ക്കാൻ മക്കളോട് ആവശ്യപ്പെടുക. പ്രോത്സാഹനമായിട്ട് അവർക്ക് ഇഷ്ടമുള്ള ഭക്ഷണോ, ചോക്ലേറ്റുകളൊക്കെ നൽകാം. തുടർന്ന് നിങ്ങൾക്ക് നിങ്ങളുടെ ജോലി തുടരുകയും ചെയ്യാം.