congress

തിരുവനന്തപുരം: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധം നടത്താൻ ആഹ്വാനം ചെയ്തുകൊണ്ടുള്ള യൂത്ത് കോൺഗ്രസ് ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലെ വിവരങ്ങൾ ചോർത്തിയതിന് രണ്ടു പ്രവർത്തകർക്ക് സസ്‌പെൻഷൻ.

യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്റുമാരായ എസ് എം ബാലു, എൻ എസ് നുസൂർ എന്നിവരെയാണ് ദേശീയ നേതൃത്വം സസ്പെൻഡ് ചെയ്തത്. സന്ദേശം പുറത്തായ സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പരാതി നൽകിയവരിൽ നുസൂറും ബാലുവും ഒപ്പുവച്ചിരുന്നു. കത്തിൽ ഷാഫി പറമ്പിലിനെതിരെയും പരാമർശമുണ്ടായിരുന്നു.

പാലക്കാട് ചിന്തൻ ശിബരത്തിനിടയിൽ നടന്ന ലൈംഗികാരോപണ പരാതി വിവാദമാക്കിയത് ഇവരാണെന്നും സംശയമുണ്ട്. മുഖ്യമന്ത്രി യാത്ര ചെയ്യുന്ന വിമാനത്തിൽ പ്രതിഷേധിക്കാൻ ആഹ്വാനം ചെയ്ത കെ എസ് ശബരീനാഥന്റെ വാട്സാപ്പ് ചാറ്റാണ് പുറത്തായത്. പിന്നാലെ വധഗൂഢാലോചന കുറ്റം ചുമത്തി പൊലീസ് ശബരിനാഥനെ അറസ്റ്റ് ചെയ്തിരുന്നു.

ഔദ്യോഗിക വാട്സാപ്പ് ഗ്രൂപ്പിലെ സന്ദേശങ്ങൾ ചോർത്തിയത് ഗുരുതര സംഘടനാപ്രശ്‌നമാണെന്ന് ശബരിനാഥൻ പിന്നീട് പ്രതികരിച്ചിരുന്നു. അതേസമയം, നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും നാളെ രാവിലെ മാദ്ധ്യമങ്ങളെ കാണുന്നുണ്ടെന്നും എൻ എസ് നുസൂർ ഫേസ്‌‌ബുക്കിൽ കുറിച്ചിട്ടുണ്ട്.