youth-congress

തിരുവനന്തപുരം: നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നതിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. തിരുവനന്തപുരം റെയിൽവേ സ്റ്റേഷനിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിലിന്റെ നേതൃത്വത്തിൽ ട്രെയിൻ തടഞ്ഞാണ് പ്രതിഷേധം നടന്നത്.

ഇഡിയുടെ നടപടിയിൽ പ്രതിഷേധിച്ച് രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിന്റെ ഭാഗമായാണ് ട്രെയിൻ തടഞ്ഞത്. റെയിൽവേ ട്രാക്കിൽ കിടന്നും പ്രതിഷേധിച്ചു. സംഭവസ്ഥലത്ത് എത്തിച്ചേർന്ന പൊലീസ് യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി.

youth-congress

അതേസമയം, നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നത് തുടരുകയാണ്. പന്ത്രണ്ട് മണിയോടെയാണ് സോണിയ ഇ ഡി ഓഫീസിൽ ഹാജരായത്. മകളും കോൺഗ്രസ് നേതാവുമായ പ്രിയങ്കാ ഗാന്ധിയും സോണിയയോടൊപ്പം ഉണ്ടായിരുന്നു.

എഐസിസി ഓഫീസിന് മുന്നിലും പ്രതിഷേധം തുടരുകയാണ്. അശോക് ഗെലോട്ടും കെ സി വേണുഗോപാലും അടക്കമുള്ള നേതാക്കൾ അറസ്റ്റിലായി. സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡൽഹി പൊലീസ് എ ഐ സി സി ആസ്ഥാനത്തുൾപ്പടെ നിരോധനാജ്ഞ പ്രഖ്യാപിച്ചെങ്കിലും ഇതുലംഘിച്ച് പാർട്ടി പ്രവർത്തകർ സോണിയാഗാന്ധിക്ക് അഭിവാദ്യമർപ്പിക്കാൻ എത്തുകയായിരുന്നു.