pinarayi

തിരുവനന്തപുരം: ഇഡിയെ കുറിച്ചുള്ള നിലപാട് മാറ്റിയതിന് പ്രതിപക്ഷത്തോട് നന്ദിയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിപക്ഷത്തിന് തിരിച്ചറിവ് ഉണ്ടായതിൽ സന്തോഷമുണ്ടെന്നും സിബിഐയും പരിമിതികളില്‍ നിന്ന് മുക്തരല്ലെന്നും അദ്ദേഹം നിയമസഭയിൽ പറഞ്ഞു. പ്രതിപക്ഷത്തിന്റെ സബ്മിഷന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.

ഇഡി രാഷ്ട്രീയ എതിരാളികളെ ഇല്ലായ്മ ചെയ്യാൻ ശ്രമിക്കുന്നു, വേണ്ടപ്പെട്ടവരെ ചേർത്തുപിടിക്കുന്നുവെന്നാണ് പ്രതിപക്ഷനേതാവ് പറഞ്ഞത്. ഈ കേസ് ഇഡി ബാംഗ്ലൂരിലേക്ക് മാറ്റാൻ ശ്രമിക്കുന്നത് അട്ടിമറി ലക്ഷ്യത്തോടെയാണെന്നും അദ്ദേഹം പറഞ്ഞു. പൂര്‍ണ്ണമായും കേന്ദ്ര വിഷയത്തില്‍പ്പെട്ട ഒരു കേസ് സംബന്ധിച്ച് കേന്ദ്ര ഏജന്‍സികള്‍ അവരുടെ നിയമപരമായ അധികാരമുപയോഗിച്ച് നടത്തുന്ന അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാരിന് ഒരു വിധത്തിലുള്ള ഇടപെടലും നടത്താന്‍ സാദ്ധ്യമല്ല.

കേന്ദ്ര ഏജന്‍സികള്‍ സ്വര്‍ണ്ണക്കടത്ത് ഉള്‍പ്പെടെയുള്ള കേസുകള്‍ കാര്യക്ഷമവും ഏകോപിതവുമായ രീതിയില്‍ അന്വേഷിക്കണമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ തുടക്കം മുതല്‍ എടുത്തിട്ടുള്ള നിലപാട്. ഇതിന് ആവശ്യമായ സഹായസഹകരണങ്ങള്‍ നല്‍കാന്‍ തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

സ്വര്‍ണ്ണക്കള്ളക്കടത്ത് പോലുള്ള കേസുകളുടെ അന്വേഷണം കസ്റ്റംസ് നിയമത്തിന്റെ കീഴില്‍ വരുന്നതാണ്. കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോ എന്ന കാര്യം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റാണ് കണ്ടെത്തേണ്ടത്. ഈ വിഷയങ്ങളിലെ അന്വേഷണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഒരു തടസ്സവും ഒരവസരത്തിലും ഉന്നയിച്ചിട്ടില്ല.

കേന്ദ്ര അന്വേഷണ ഏജന്‍സികളെ രാഷ്ട്രീയ ലക്ഷ്യത്തോടെ ദുരുപയോഗം ചെയ്യുന്നുവെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി ദേശീയതലത്തില്‍ ആരോപണം ഉന്നയിക്കുകയും പ്രക്ഷോഭങ്ങള്‍ നടത്തുകയും ചെയ്യുമ്പോള്‍ കേരളത്തില്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കുവാന്‍ കോണ്‍ഗ്രസ് വിമുഖത കാണിക്കുകയാണ്.

സ്വര്‍ണ്ണക്കടത്ത് കേസ് കേന്ദ്രസര്‍ക്കാരിന്റെ ഏജന്‍സികള്‍ അവരുടെ സമ്പൂര്‍ണ്ണ അധികാരപരിധിയില്‍ നിന്നുകൊണ്ട് അന്വേഷിക്കുന്നതായതിനാല്‍ സംസ്ഥാന സര്‍ക്കാരിന് ഇക്കാര്യത്തില്‍ ഒരു ഇടപെടലും നടത്താന്‍ കഴിയില്ല.

തെളിവുകള്‍ ശേഖരിച്ച്, കണ്ടെത്തലുകള്‍ നടത്തി, വസ്തുതകളുടെയും തെളിവുകളുടെയും പിന്‍ബലത്തില്‍ കോടതിക്ക് മുമ്പാകെ സമര്‍പ്പിക്കുന്ന ഒരു നടപടിക്രമമാണ് ഒരു അന്വേഷണത്തിന്റെ ഭാഗമായി നടക്കേണ്ടത്. അല്ലാതെ ചില പ്രതികളുടെയോ മറ്റു ചില തത്പരകക്ഷികളുടെയോ താത്പര്യങ്ങള്‍ക്ക് അനുസരിച്ചോ വാര്‍ത്തകളുടെ അടിസ്ഥാനത്തിലോ നടത്തേണ്ട കാര്യമല്ല നീതിയുക്തമായ അന്വേഷണം.