
ഫോട്ടോ: സന്തോഷ് നിലക്കൽ
പത്തനംതിട്ട: എൻ.എസ്.എസ് മുൻ പ്രസിഡന്റ് കഴിഞ്ഞ ദിവസം നിര്യാതനായ അഡ്വ.പി.എൻ.നരേന്ദ്രനാഥൻ നായർക്ക് സമൂഹത്തിന്റെ വിവിധ മേഖലകളിൽപ്പെട്ടവർ അന്ത്യാഞ്ജലി അർപ്പിച്ചു. ഇന്നലെ രാവിലെ ഒൻപത് മുതൽ എൻ.എസ്.എസ് പത്തനംതിട്ട താലൂക്ക് യൂണിയൻ ഒാഫീസിൽ പൊതു ദർശനത്തിന് വച്ച ശേഷം വിലാപ യാത്രയായാണ് മൃതദേഹം വസതിയിലെത്തിച്ചത്.
മത, സാമുദായിക, രാഷ്ട്രീയ രംഗത്തെ പ്രമുഖർ ഒാഫീസിലും വസതിയിലുമെത്തി അനുശോചിച്ചു. എൻ.എസ്.എസ് പ്രസിഡന്റ് ഡോ.എം.ശശികുമാർ, മന്ത്രി റോഷി അഗസ്റ്റിൻ, ചീഫ് വിപ്പ് ഡോ. എൻ.ജയരാജ്, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എം.എൽ.എമാരായ കെ.യു ജനീഷ് കുമാർ, തിരുവഞ്ചൂർ രാധാകൃഷ്ണൻ, പ്രമോദ് നാരായൺ, കെ.ബി.ഗണേഷ് കുമാർ, ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ, മുൻ മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ, മലങ്കര കാത്തോലിക്ക സഭ തിരുവല്ല രൂപത അദ്ധ്യക്ഷൻ തോമസ് മാർ കൂറിലോസ്, പത്തനംതിട്ട രൂപത പ്രഥമ അദ്ധ്യക്ഷൻ യൂഹാനോൻ മാർ ക്രിസോസ്റ്റം, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ, സി.പി.എം സംസ്ഥാന സമിതിയംഗം പി.ജയരാജൻ, ജനപക്ഷം നേതാവ് പി.സി.ജോർജ്, വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ.രാജശേഖരൻ, ചെറുകോൽപ്പുഴ ഹിന്ദുമത പരിഷത്ത് പ്രസിഡന്റ് പി.എസ്.നായർ, കെ.എസ്.എഫ്.ഇ മുൻ ചെയർമാൻ പീലിപ്പോസ് തോമസ് തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു.
രാഷ്ട്രീയമായി എതിർപ്പുകൾ വ്യക്തിപരമായ ബന്ധങ്ങൾക്ക് മങ്ങലേൽപ്പിക്കുന്നില്ല എന്നതിന് തെളിവായി കെ.സുരേന്ദ്രന്റെയും പി. ജയരാജന്റെയും കണ്ടുമുട്ടൽ. സുരേന്ദ്രനെ കണ്ടതും കൈ ഉയർത്തി ജയരാജൻ അഭിവാദ്യം ചെയ‌്യുകയായിരുന്നു. തുടർന്ന് ജയരാജന്റെ അടുത്തേക്ക് എഴുന്നേറ്റ് ചെന്ന് സുരേന്ദ്രൻ ഷേയ‌്ക്ക് ഹാന്റ് നൽകുകയായിരുന്നു.
നരേന്ദ്രനാഥൻ നായരുടെ ഭൗതികദേഹം പത്തനംതിട്ട വെട്ടിപ്രം പഞ്ചവടി വീട്ടുവളപ്പിൽ സംസ്കരിച്ചു. ചെറുമകൻ കൃഷ്ണൻ ഹരിബാൽ ചിതയ്ക്ക് തീകൊളുത്തി.