fitness-centre

സ്വയം തൊഴിൽ സംരഭങ്ങളിലൂടെ സ്വയം പര്യാപ്തത നേടാൻ മാത്രമല്ല ശരീരസൗന്ദര്യത്തിനും ആരോഗ്യത്തിനും പരിപാലനം നൽകാൻ സഹായിക്കുന്ന ഫിറ്റ്‌നെസ് സെന്റ‌ർ നടത്തിപ്പും തങ്ങളെക്കൊണ്ടാകുമെന്ന് തെളിയിച്ചിരിക്കുകയാണ് നെടുമ്പനയിലെ കുടുംബശ്രീ കൂട്ടായ്‌മ. അഞ്ച് വനിതകൾ ചേർന്ന് നടത്തുന്ന ഫിറ്റ്‌നെസ് സെന്റ‌ർ നാട്ടിൽ വമ്പൻ ഹിറ്റാണ്.

കുടുംബശ്രീയുടെ നേതൃത്വത്തിൽ നടത്തിവരുന്ന വിദ്യാ ഫിറ്റ്‌നെസ് സെന്റ‌റിൽ 25 സ്ത്രീകൾ പതിവായി എത്തുന്നു. മാത്രമല്ല പ്രദേശത്തെ സ്ത്രീകളിൽ നിന്ന് മികച്ച പ്രതികരണം ലഭിക്കുന്നതായും നടത്തിപ്പുകാർ പറയുന്നു. കൊവിഡ് വ്യാപനത്തിന് തൊട്ടുമുൻപാണ് കുരിപ്പള്ളി പള്ളിമുക്ക് കേന്ദ്രമായി ഫിറ്റ്‌നെസ് സെന്ററും ബ്യൂട്ടി പാർലറും ആരംഭിച്ചത്. നാട്ടിലെ പുതിയ സംരംഭത്തെ പ്രദേശവാസികൾ ഇരുംകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു.

പാർലറിനും ഫിറ്റ്‌നെസ് സെന്ററിനുമായി പന്ത്രണ്ട് ലക്ഷം രൂപയായിരുന്നു ചെലവ്. 6.5 ലക്ഷം രൂപ സബ്‌സിഡിയോടുകൂടി ബാങ്ക് വായ്‌പ ലഭിച്ചു. 40,000 രൂപയാണ് പ്രതിമാസ വരുമാനം ലഭിക്കുന്നത്. എല്ലാ ചെലവുകൾക്കും ശേഷം ഒരാൾക്ക് ലഭിക്കുന്ന മാസവരുമാനം 8000 രൂപയും. കുടുംബശ്രീയിലൂടെ സാമൂഹിക ബോധവും സമ്പാദ്യശീലവും മാത്രമല്ല ആരോഗ്യപരിപാലനവും സാദ്ധ്യമാകും എന്നതിന് ഉദാഹരണമാണ് വിദ്യാ ഫിറ്റ്‌നെസ് സെന്റർ.