ചെന്നൈ: മെഡിമിക്‌സ് സഹസ്ഥാപകയും സ്ഥാപകൻ ഡോ.വി.പി. സിദ്ധന്റെ ഭാര്യയുമായ സൗഭാഗ്യം സിദ്ധൻ (എം.കെ. സൗഭാഗ്യം, 84) അന്തരിച്ചു. ഇന്നലെ രാവിലെ 11.30ഓടെ ചെന്നൈയിലെ സ്വവസതിയിലായിരുന്നു അന്ത്യം. സംസ്കാരം ഇന്നലെ വൈകിട്ട് അഞ്ചിന് അണ്ണാനഗറിലെ ന്യൂ ആവഡി ശ്മശാനത്തിൽ നടന്നു.
റെയിൽവേയിൽ ഡോക്‌ടറായിരുന്ന ഭർത്താവിന്റെ ചെന്നൈയിലെ ക്വാർട്ടേഴ്സിൽ വച്ച് 1969ൽ സൗഭാഗ്യം ആദ്യമായി മെഡിമിക്‌സ് നിർമ്മിച്ചതും അതേ വർഷം സോപ്പ് വിപണിയിലെത്തി ജനപ്രിയമായതും ചരിത്രമാണ്. ആദ്യം മുതൽ ഒറ്റയ്ക്ക് മേൽനോട്ടം വഹിച്ച ഇവർക്ക് ഭർത്താവിന്റെ പൂർണപിന്തുണയുമുണ്ടായിരുന്നു.
ചോലയിൽ ഗ്രൂപ്പ് മാനേജിംഗ് ഡയറക്‌ടർ വി.എസ്. പ്രദീപ്, എ.വി.എ ചോലയിൽ ഗ്രൂപ്പ് ഡയറക്‌ടർ വി.എസ്. പ്രിയ അനൂപ് എന്നിവർ മക്കളും എ.വി.എ ചോലയിൽ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ ഡോ.എ.വി. അനൂപ്, ചോലയിൽ ഗ്രൂപ്പ് ഡയറക്‌ടർ ജയാദേവി പ്രദീപ് എന്നിവർ മരുമക്കളുമാണ്.