murmu

ന്യൂഡൽഹി: രാജ്യത്തെ 15-ാം രാഷ്‌ട്രപതി ആരെന്ന് അറിയാനുള്ള വോട്ടെണ്ണൽ പുരോഗമിക്കുന്നു. ലോക്സഭാ, രാജ്യസഭാ എംപിമാരുടെ വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ ആദ്യ റൗണ്ടിൽ 540 പേരുടെ പിന്തുണ മുർമുവിനാണ്. യശ്വന്ത് സിൻഹയ്ക്ക് 208 എംപിമാരുടെ പിന്തുണ മാത്രമാണ് ലഭിച്ചത്.15 എംപിമാരുടെ വോട്ടുകൾ അസാധുവാകുകയും ചെയ്തു. ആകെ 748 എംപി വോട്ടുകളാണ് ഉണ്ടായിരുന്നത്. ഇപ്പോൾ സംസ്ഥാനങ്ങളിൽ നിന്നുള്ള വോട്ടുകളാണ് എണ്ണുന്നത്. മുർമു വൻ ഭൂരിപക്ഷത്തോടെ വിജയിക്കും എന്ന് ഇപ്പോൾ ഏറക്കുറെ ഉറപ്പായിരിക്കുയാണ്. മുർമുവിനു ഇപ്പോൾ ലഭിച്ച 540 വോട്ടുകളുടെ മൂല്യം 3,78,000 ആണ്. സിൻഹയ്ക്ക് ലഭിച്ച വോട്ടുകളുടെ മൂല്യം 1,45,600ഉം.

election

ജൂലായ 18ന് നടന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ 99.18 ശതമാനമായിരുന്നു പോളിംഗ്. എൻ ഡി എയുടെ ദ്രൗപതി മുർമുവും സംയുക്ത പ്രതിപക്ഷത്തിന്റെ യശ്വന്ത് സിൻഹയുമായിരുന്നു നേർക്കുനേർ മത്സരിച്ചത്. പ്രതിപക്ഷ സ്ഥാനാർത്ഥിയായിരുന്നു യശ്വന്ത് എങ്കിലും പ്രതിപക്ഷത്തെ പല കക്ഷികളും മുർമുവിനാണ് വോട്ട് ചെയ്തത്. അതുപോലെ ക്രോസ് വോട്ടും വ്യാപകമായി നടന്നു.

സമാജ്‌വാദി പാർട്ടി നിലപാടിന് വിരുദ്ധമായി പാർട്ടി എം.എൽ.എ ശിവ്‌പാൽ യാദവും മുർമുവിന് വോട്ടു ചെയ്തു. സമാജ്‌‌വാദി പാർട്ടി നേതാവ് മുലായത്തെ ഐ.എസ്.ഐ ഏജന്റെന്ന് വിളിച്ച യശ്വന്ത് സിൻഹയ്‌ക്ക് വോട്ടുചെയ്യാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. മുലായത്തിന്റെ ഇളയ സഹോദരനും പാർട്ടി അദ്ധ്യക്ഷൻ അഖിലേഷ് യാദവിന്റെ ചിറ്റപ്പനുമാണ് ഇദ്ദേഹം.

ഒഡീഷയിൽ നിന്നുള്ള കോൺഗ്രസ് എം.എൽ.എ മുഹമ്മദ് മൊക്വിം പാർട്ടി നിലപാടിന് വിരുദ്ധമായി ദ്രൗപതി മുർമുവിന് വോട്ടു ചെയ്‌തു.ഗുജറാത്തിലെ എൻ.സി.പി എം.എൽ.എ എസ്. ജഡേജയും അസാമിലെ ചില കോൺഗ്രസ് എം.എൽ.എമാരും മുർമുവിനാണ് വോട്ടു ചെയ്‌തത്.