
തിരുവനന്തപുരം: ബിവറേജസ് കോർപ്പറേഷൻ വില്പനശാലകളിൽ വിലകുറഞ്ഞതും ജനപ്രിയവുമായ മദ്യബ്രാൻഡുകളുടെ ലഭ്യത ഉറപ്പാക്കാൻ നടപടി തുടങ്ങി. ഇതുസംബന്ധിച്ച് എം.ഡി യോഗേഷ് ഗുപ്ത കഴിഞ്ഞ ദിവസം സർക്കുലർ ഇറക്കി. ഏറ്റവുമധികം വിറ്റുപോകുന്ന ബ്രാൻഡുകൾ ഓൺലൈനിൽ രേഖപ്പെടുത്തി അതിനനുസരിച്ചാകും അടുത്ത ലോഡിന് ഓർഡർ നൽകുക. ഇതുവഴി ജനപ്രിയ ബ്രാൻഡുകളുടെ ലഭ്യത എപ്പോഴും ഉറപ്പാക്കാനാകും.
വിലകുറഞ്ഞ മദ്യം കിട്ടാതിരിക്കുമ്പോൾ കൂടുതൽ വിലയുള്ളത് വാങ്ങാൻ ഉപഭോക്താവ് നിർബന്ധിതമാകുന്ന സാഹചര്യവും ഒഴിവാക്കാനാകും. ചില കമ്പനികളുടെ സമ്മർദ്ദത്തിലോ പ്രേരണയിലോ ഷോപ്പുകളിലേക്ക് മദ്യം ഓർഡർ ചെയ്യുന്ന പ്രവണതയുണ്ട്. ജനങ്ങൾ കൂടുതലായി ആവശ്യപ്പെടുന്ന മദ്യം വേണ്ടവിധം ഷോപ്പുകളിൽ പ്രദർശിപ്പിക്കാതെ ജീവനക്കാർക്ക് താത്പര്യമുള്ള ബ്രാൻഡുകൾ വിൽക്കുന്നതാണ് മറ്റൊരു രീതി. പുതിയ സംവിധാനം ഇതിനെയൊക്കെ തടയിടും.
പുതിയ ബ്രാൻഡുകൾക്ക്
വീണ്ടും നിയന്ത്രണം
പുതിയ ബ്രാൻഡ് മദ്യം ഷോപ്പുകളിൽ സ്റ്റോക്ക് ചെയ്യുന്നതിന് വീണ്ടും നിയന്ത്രണം ഏർപ്പെടുത്താനും നീക്കമുണ്ട്. വില്പനശാലകളിലേക്ക് ഒരു ലോഡ് എടുക്കുമ്പോൾ പുതിയ ബ്രാൻഡ് 12 കെയ്സുകൾ മാത്രമേ അനുവദിക്കൂ. നേരത്തെ ഈ നിയന്ത്രണം ഉണ്ടായിരുന്നെങ്കിലും പിന്നീട് പിൻവലിച്ചിരുന്നു. സാധാരണ 7000 മുതൽ 10,000 കെയ്സ് മദ്യമാണ് ഒരു ഷോപ്പിലേക്ക് എത്തിക്കുന്നത്.
അതേസമയം, നിയന്ത്രണം വന്നാൽ പുതിയ ബ്രാൻഡുകൾ ഉപഭോക്താക്കൾക്ക് പരിചിതമാവുന്നതിന് തടസമാകുമെന്ന് നിർമ്മാതാക്കൾ പരാതിപ്പെടുന്നു. പുതിയ ബ്രാൻഡ് വിപണിയിൽ ഇറക്കാൻ ഒരു ലക്ഷം രൂപയാണ് രജിസ്ട്രേഷൻ ഫീസ്. കുപ്പിയിൽ പതിപ്പിക്കുന്ന ലേബലിന് 50,000 രൂപയും. ബെവ്കോയുടെ പട്ടികയിൽ ബ്രാൻഡ് ഇടംപിടിക്കണമെങ്കിൽ ഇ.എം.ഡി (ഏണസ്റ്റ് മണി ഡെപ്പോസിറ്റ്) അഞ്ചു ലക്ഷം രൂപ അടയ്ക്കണം. ഇത്രയും ചെലവിട്ട് കൊണ്ടുവരുന്ന പുതിയ ബ്രാൻഡ് ഒരു ഷോപ്പിൽ 12 കെയ്സ് മാത്രം എത്തിച്ചാൽ എന്തു കിട്ടാനെന്നാണ് നിർമ്മാതാക്കളുടെ ചോദ്യം.