swapna-suresh

കൊച്ചി: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് സമ‌ർപ്പിച്ച സത്യവാങ്‌മൂലത്തിൽ മുൻ മന്ത്രി കെ ടി ജലീലിനെതിരെ ഗുരുതര ആരോപണങ്ങൾ. ജലീലും കോൺസൽ ജനറലും അനധികൃത ഇടപാടുകൾ നടത്തിയതായി സത്യവാങ്‌മൂലത്തിൽ സ്വ‌പ്‌ന ആരോപിക്കുന്നു.

നയതന്ത്ര ചാനൽ ഉപയോഗിച്ചായിരുന്നു അനധികൃത ഇടപാടുകൾ നടത്തിയത്. യുഎഇ ഭരണാധികാരികളിൽ നിന്ന് പ്രത്യേക പരിഗണന ലഭിക്കുന്നതിനായി ജലീൽ ശ്രമം നടത്തി. ഇത്തരത്തിൽ പ്രത്യേക പരിഗണന ലഭിച്ചാൽ കൂടുതൽ ബിസിനസ് ചെയ്യാനാകുമെന്ന് ജലീൽ പറഞ്ഞു. എല്ലാകാര്യത്തിലും മുഖ്യമന്ത്രിയുടെ പിന്തുണയുണ്ടെന്ന് കോൺസൽ ജനറലിന് ജലീൽ ഉറപ്പുനൽകിയെന്നും സത്യവാങ്‌മൂലത്തിൽ ആരോപിക്കുന്നു.

ജലീലുമായി ചേർന്ന് ബിസിനസ് തുടങ്ങുമെന്ന് കോൺസൽ ജനറൽ പറഞ്ഞിരുന്നു. യുഎഇ ഭരണാധികാരിയ്ക്ക് ജലീൽ കത്തയച്ചെന്നും സ്വപ്ന വ്യക്തമാക്കുന്നു. അയച്ചെന്ന് ആരോപിക്കുന്ന കത്ത് ഉൾപ്പടെയുള്ള രേഖകളും സ്വ‌പ്ന കോടതിയിൽ സമർപ്പിച്ചു.

അതേസമയം, സ്വർണക്കടത്തുകേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനും എതിരായ സ്വപ്നയുടെ രഹസ്യമൊഴി സുപ്രീം കോടതിക്ക് നൽകാൻ തയ്യാറാണെന്ന് ഇ ഡി അറിയിച്ചു. കോടതി ആവശ്യപ്പെട്ടാൽ മൊഴി മുദ്രവച്ച കവറിൽ നൽകാമെന്നാണ് ഇ ഡി രേഖാമൂലം കോടതിയെ അറിയിച്ചത്.

സ്വര്‍ണക്കടത്ത് കേസ് കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന ഹര്‍ജിയിലാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് നിലപാട് വ്യക്തമാക്കിയത്. നയതന്ത്ര ചാനല്‍ വഴിയുള്ള സ്വർണക്കടത്ത് കേസിന്റെ വിചാരണ ബംഗളൂരുവിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടാണ് സുപ്രീംകോടതിയിൽ ഇഡി ട്രാൻസ്ഫർ ഹർജി നൽകിയത്. ഈ മാസം ആറിന് 59 പേജുള്ള ഹർജി ഇഡി ഫയല്‍ ചെയ്തിരുന്നു. 19ന് ഹർജി രജിസ്റ്റർ ചെയ്തു.