
ന്യൂഡൽഹി: ഇന്ത്യയുടെ 15ാം രാഷ്ട്രപതിയായി ചരിത്രം കുറിക്കാനൊരുങ്ങി എൻ ഡി എ സ്ഥാനാർത്ഥി ദ്രൗപതി മുർമു. ആദ്യ രണ്ട് റൗണ്ടിലും വൻ ലീഡുമായി മുർമു കുതിപ്പ് തുടരുകയാണ്. 1349 വോട്ടുകളാണ് മുർമുവിന് ഇതുവരെ ലഭിച്ചത്. പ്രതിപക്ഷ സ്ഥാനാർത്ഥിയായ യശ്വന്ത് സിൻഹ നേടിയത് 537 വോട്ടുകളും. ഇതോടെ ഗോത്രവർഗത്തിൽ നിന്നുള്ള ഇന്ത്യയുടെ ആദ്യ പ്രസിഡന്റ് എന്ന ചരിത്രനേട്ടം സ്വന്തമാക്കാനൊരുങ്ങുകയാണ് മുർമു. പ്രതിഭാ പാട്ടീലിന് ശേഷം പ്രസിഡന്റ് പദവിയിലെത്തുന്ന രണ്ടാമത്തെ വനിത കൂടിയാകും ദ്രൗപതി മുർമു.
4,83,299 വോട്ട് മൂല്യമാണ് മുർമുവിന് ലഭിച്ചത്. യശ്വന്ത് സിൻഹയ്ക്ക് ലഭിച്ച വോട്ട് മൂല്യം 1,89, 876ഉം. വോട്ടെണ്ണൽ തുടരുകയാണ്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുൻപ് തന്നെ ഡൽഹിയിലും മുർമുവിന്റെ ജന്മനാടായ ഒഡീഷയിലും വിജയാഘോഷം തുടങ്ങിക്കഴിഞ്ഞു.
ജൂലായ് 18ന് രാജ്യത്തുടനീളമുള്ള എല്ലാ തിരഞ്ഞെടുക്കപ്പെട്ട എംഎൽഎമാരും എംപിമാരും രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് വരെ പാർലമെന്റ് ഹൗസ് ഉൾപ്പെടെ 31 സ്ഥലങ്ങളിലും സംസ്ഥാന നിയമസഭകൾക്കുള്ളിലെ 30 കേന്ദ്രങ്ങളിലും പ്രസിഡന്റ് തിരഞ്ഞെടുപ്പിന് വോട്ട് രേഖപ്പെടുത്തിയിരുന്നു. പാർലമെന്റ് ഹൗസിൽ വോട്ട് ചെയ്യാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച 727 എംപിമാരും ഒമ്പത് എംഎൽഎമാരും അടങ്ങുന്ന 736 ഇലക്‌ടർമാരിൽ 728 ഇലക്‌ടർമാർ വോട്ട് രേഖപ്പെടുത്തി. പാർലമെന്റ് ഹൗസിലെ ആകെ പോളിംഗ് ശതമാനം 98.91 ആണ്.