
ന്യൂഡൽഹി: ദ്രൗപതി മുർമുവിനെ ഇന്ത്യയുടെ പുതിയ രാഷ്ട്രപതിയായി തിരഞ്ഞെടുത്തതോടെ ചരിത്രപുസ്തകത്തിൽ രചിക്കപ്പെട്ടത് പുതിയ താളുകൾ. ഗോത്രവര്‍ഗക്കാരിയായ ആദ്യ രാഷ്ട്രപതിയാണ് ദ്രൗപതി മുർമു. ഒപ്പം രാജ്യത്തെ രണ്ടാമത്തെ വനിതാ രാഷ്ട്രപതിയും. പ്രതിപക്ഷ നിരയിൽ നിന്നുള്ളവരുടെ പിന്തുണ കൂടി നേടി സന്താൾ ആദിവാസി വിഭാഗത്തിൽ നിന്നുള്ള മുർമു രാഷ്ട്രപതി ഭവനിലേക്ക് നടന്നുകയറുമ്പോൾ അത് ബി ജെ പിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും മറ്റൊരു വിജയം കൂടിയായി. ആകെയുള്ള 3219 വോട്ടുകളിൽ യശ്വന്ത് സിൻഹയ്ക്ക് 1058 വോട്ടുകളും മുർമുവിന് 2161 വോട്ടുകളും ലഭിച്ചു.
സംഘാടന പാടവവും ജനകീയതയും
ഗോഡ്‌ഫാദർമാരൊന്നുമില്ലാതെയാണ് ദ്രൗപതി മുർമുവിന്റെ ഉയർച്ച. ഭരണ രംഗത്തുള്ള അസാമാന്യ പാടവവും ജനകീയതയുമാണ് ഉയർച്ചയിലേക്കുള്ള പടവുകൾ താണ്ടാൻ അവർക്ക് സഹായകമായത്. പട്ടിണിയോടും ദാരിദ്ര്യത്തോടും പടവെട്ടിയാണ് അവർ ജീവിത യാത്ര തുടങ്ങിയത്. ഝാര്‍ഖണ്ഡിൽ കാലാവധി പൂര്‍ത്തിയാക്കിയ ആദ്യത്തെ ഗവര്‍ണറായ മുര്‍മു നേതൃ ശേഷിയുടെയും സംഘാടന പാടവത്തിന്റെയും മികച്ച ഉദാഹരണമാണ്. രാജ്യത്ത് ഗവർണർ പദവിയിലെത്തുന്ന ആദിവാസി വിഭാഗത്തില്‍നിന്നുള്ള ആദ്യ വനിതയും മുർമുവായിരുന്നു. 2015 മുതല്‍ 2021 വരെയായിരുന്നു മുര്‍മുവിന്റെ ഗവര്‍ണര്‍ കാലാവധി.

അദ്ധ്യാപക ജീവിതത്തിൽ നിന്നാണ് മുർമു രാഷ്ട്രീയത്തിലേക്ക് എത്തിയത്. ഭുവനേശ്വറിലെ രമാദേവി സർവകലാശാലയിൽ നിന്നായിരുന്നു ഉന്നത വിദ്യാഭ്യാസം നേടിയത്.1997ൽ റായ്‌റംഗ്പൂരിലെ നഗര സഭാ കൗൺസിലറായി മത്സര രംഗത്തേക്കിറങ്ങി. വിജയത്തോടെ തുടക്കം. തുടർന്ന് നഗരസഭാ ചെയർപേഴ്സണായും പ്രവർത്തിച്ചു. നിയമ സഭയിലേക്കായി അടുത്ത അങ്കം. റായ്റംഗ്പുര്‍ മണ്ഡലത്തില്‍നിന്ന് ബി ജെ പി ടിക്കറ്റില്‍ എം എല്‍ എ ആയി. ബി ജെ പി-ബി ജെ ഡി സംയുക്ത മന്ത്രിസഭയില്‍ സഹമന്ത്രിയായിരുന്നു. ഗതാഗത, വാണിജ്യ, ഫിഷറീസ് വകുപ്പുകളാണ് കൈകാര്യംചെയ്തത്. പാര്‍ട്ടിക്കുള്ളിലും നിരവധി സുപ്രധാന പദവികള്‍ മുർമു വഹിച്ചിട്ടുണ്ട്. 1997-ല്‍ എസ് ടി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായി. 2013 മുതല്‍ 2015 വരെ എസ്.ടി. മോര്‍ച്ചയുടെ ദേശീയ നിര്‍വാഹക സമിതിയംഗമായിരുന്നു.
നേട്ടങ്ങൾ കൊയ്യുമ്പോഴും..
രാഷ്ട്രീയത്തിലെ നേട്ടങ്ങൾ മുർമുവിനെ തേടിയെത്തുമ്പോഴും സ്വകാര്യ ജീവിതത്തിൽ നഷ്ടങ്ങൾ മാത്രമായിരുന്നു അവർക്ക് സ്വന്തം. ഭർത്താവിന്റെയും രണ്ട് ആൺമക്കളുടെയും മരണത്തിന് സാക്ഷിയാകേണ്ടി വന്നു. ഹൃദയ സ്തംഭനത്തെത്തുടർന്ന് ഭർത്താവ് ശ്യാം ചരണ്‍ മുര്‍മുവിന്റെ വിയോഗമാണ് ആദ്യം നേരിടേണ്ടിവന്നത്. അതിന്റെ ഞെട്ടൽ മാറും മുമ്പായിരുന്നു മൂത്തമകൻ ലക്ഷ്മണിനെ മരണം തട്ടിയെടുത്തത്. കിടക്കയിൽ അബോധാവസ്ഥയിൽ കണ്ട ലക്ഷ്മണിനെ ഉടൻ ആശുപ്രതിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് 2012-ല്‍ ഒരു റോഡപകടത്തില്‍ ഇളയ മകനേയും മരണം കൊണ്ടുപാേയി. ബാങ്ക് ഉദ്യോഗസ്ഥയായ ഒരു മകൾ കൂടിയുണ്ട് മുർമുവിന്.

എന്നും ലാളിത്യം
എൻ ഡി എ തങ്ങളുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി മുർമുവിനെ പ്രഖ്യാപിച്ചതോടെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം അവർക്ക് സി ആർ പി എഫ് കമാൻഡോകളുടെ സെഡ് പ്ളസ് സുരക്ഷ അനുവദിച്ചിരുന്നു. പിറ്റേന്ന് വീടിന് സമീപത്തെ ക്ഷേത്രത്തിൽ അതിരാവിലെ എത്തിയ മുർമു പ്രാർത്ഥനയ്ക്കുമുമ്പ് നിലം തൂത്തുവാരി. ഇതുകണ്ട് കമാൻഡോകളും മാദ്ധ്യമങ്ങളും അന്തംവിട്ടു. ഈ രംഗങ്ങൾ പകർത്താൻ അവർ ചുറ്റും കൂടിയപ്പോഴും അതൊന്നും കാര്യമാക്കാതെ അവർ തന്റെ പതിവ് പ്രവൃത്തി തുടരുകയായിരുന്നു.
സംഭവിച്ചത് അപ്രതീക്ഷിത അടിയൊഴുക്കുകൾ
രാഷ്ട്രപതി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ തന്നെ ആരായിരിക്കണം സ്ഥാനാർത്ഥി എന്ന കാര്യത്തിൽ ബി ജെ പിക്ക് വ്യക്തമായ തീരുമാനമുണ്ടായിരുന്നു. പക്ഷേ, ഇതിനെക്കുറിച്ച് ഒരു സൂചനയും അവർ പുറത്തുവിട്ടില്ല. പകരം സംയുക്ത സ്ഥാനാർത്ഥി എന്ന തരത്തിലേക്ക് കാര്യങ്ങൾ കൊണ്ടുവരാൻ അവർ ശ്രമിച്ചു. ഇതിനായി പ്രതിപക്ഷ കക്ഷികളുടെ നേതാക്കളെ അവർ പലവട്ടം കണ്ടു. വോട്ടുമൂല്യത്തിലെ നേരിയ കുറവ് ബി ജെ പിക്ക് ചെയിയ അങ്കലാപ്പുണ്ടാക്കിയിരുന്നു എന്നത് സത്യമാണ്. ഇത് മറികടക്കാനാണ് അവർ സമർത്ഥമായി കരുക്കൾ നീക്കിയത്. ബി ജെ പിക്കും സഖ്യകക്ഷികൾക്കും കൂടി ഇലക്ടറല്‍ കോളേജിന്റെ ആകെ വോട്ടുമൂല്യത്തിന്റെ 48.45 ശതമാനം മാത്രമേ ഉറപ്പിക്കാനാകൂ എന്നായിരുന്നു അവസ്ഥ. തങ്ങളുടെ സ്ഥാനാർത്ഥിയുടെ വിജയം ഉറപ്പാക്കണമെങ്കിൽ 1.56 ശതമാനമോ അതിലധികമോ വോട്ടുമൂല്യംകൂടി നേടേണ്ടതായിവരും. പ്രതിപക്ഷം യോജിച്ചുനിന്നാൽ ഇത് നേടിയെടുക്കുക അസാദ്ധ്യമാകും. അപ്പോൾ പ്രതിപക്ഷത്തുള്ളവരുടെ കൂടെ പിന്തുണ ഉറപ്പിക്കുകയേ വഴിയുള്ളൂ. ഇതിനുവേണ്ടിയാണ് സംയുക്ത സ്ഥാനാർത്ഥിക്കുവേണ്ടി ബി ജെ പി നിലകൊളളുന്നത് എന്ന തോന്നലുളവാക്കാൻ അവർക്കായി. കാര്യങ്ങൾ ഇങ്ങനെ മുന്നോട്ടു നീങ്ങവെയാണ് പ്രതിപക്ഷം യശ്വന്ത് സിൻഹയെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചത്. പ്രതിപക്ഷ നിരയിലെ പലർക്കും യശ്വന്തിനെ ഉൾക്കൊള്ളാനാവില്ലെന്നതായിരുന്നു സത്യം. കാര്യങ്ങൾ തങ്ങൾ വിചാരിച്ചപോലെ നടക്കുന്ന എന്ന് വ്യക്തമായതോടെ ബി ജെ പി മുർമുവിന്റെ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചു. പ്രതിപക്ഷം ശരിക്കും ഞെട്ടി.
ഗോത്രവർഗം, വനിത അങ്ങനെ പ്ലസ് പോയിന്റുകൾ പലതുണ്ടായിരുന്ന മുർമുവിനെ പ്രതിപക്ഷ നിരയിലെ പല പ്രമുഖ കക്ഷികൾക്കും തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയായി. മുർമുവിനെ പിന്തുണച്ചില്ലെങ്കിൽ ബിജു ജനതാദള്‍ പോലുള്ള പാർട്ടികൾക്ക് അസ്തിത്വം തന്നെ നഷ്ടപ്പെടുമെന്ന അവസ്ഥയിലായി കാര്യങ്ങൾ. ഇതാണ് ബി ജെ പ്രതീക്ഷിച്ചതും. പ്രതിപക്ഷത്തിലെ ഐക്യം ശിഥിലമായി. മുർമുവിന് വോട്ടുചെയ്യുമെന്ന് പലരും പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തു. വോട്ടെടുപ്പ് വേളയിലും ക്രോസ് വോട്ടിംഗുണ്ടായി. കളമറിഞ്ഞുള്ള ബി ജെ പിയുടെ കളിയാണ് മുൻവിന് ഉയർന്ന വിജയം നേടാനായതിലെ മുഖ്യ ഘടകവും.